'തലവെട്ട് നടക്കുന്ന ഒരു നാട്ടില്‍ എങ്ങനെ നിക്ഷേപം വരും?; കോണ്‍ഗ്രസിന് തീവ്രവാദികളോട് വാത്സല്യം', രാജസ്ഥാനില്‍ ഉദയ്പൂര്‍ കൊലപാതകം ആയുധമാക്കി മോദി

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനില്‍, ഉദയ്പൂര്‍ കൊലപാതകം കോണ്‍ഗ്രസിന് എതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ജയ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന രാജസ്ഥാനില്‍, ഉദയ്പൂര്‍ കൊലപാതകം കോണ്‍ഗ്രസിന് എതിരെ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാചക നിന്ദ നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട തയ്യല്‍ക്കടക്കാരന്റെ തലവെട്ടിയ സംഭവമാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന് എതിരെ ആയുധമാക്കിയത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്ന് രാജസ്ഥാനില്‍ നന്ന റാലിയില്‍ മോദി പറഞ്ഞു. 

'ഉദയ്പൂരില്‍ നടന്ന സംഭവം ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. വസ്ത്രം തുന്നാനെന്ന വ്യാജേന ആളുകള്‍ വന്ന് തയ്യല്‍ക്കാരുടെ കഴുത്തറുക്കുന്നു. ഈ കേസില്‍പ്പോലും കോണ്‍ഗ്രസ് വോട്ട് ബാങ്ക് കണ്ടു. കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഉദയ്പൂര്‍ തയ്യല്‍ക്കാരന്റെ കൊലപാതകത്തില്‍ പാര്‍ട്ടി എന്താണ് ചെയ്തത്? അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു.'- മോദി പറഞ്ഞു. 

'തലവെട്ടുന്ന സംഭവങ്ങള്‍ നടക്കുന്ന ഒരു പരിതസ്ഥിതിയില്‍ എങ്ങനെയാണ് നിക്ഷേപം നടക്കുക? ഇതൊരു സാധാരണ കുറ്റകൃത്യമല്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണിത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദികളോട് വാത്സല്യം കാണിച്ചു. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കുറ്റവാളികളെ സ്വതന്ത്രരാക്കുകയാണ്. അപ്പോള്‍ കുറ്റവാളികള്‍ നിയമത്തെ ഭയക്കുന്നതെങ്ങനെ?'- പ്രധാനമന്ത്രി ചോദിച്ചു. 

കഴിഞ്ഞവര്‍ഷം ജൂണ്‍ 28നാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കടക്കാരനെ രണ്ടുപേര്‍ കഴുത്തു വെട്ടി കൊലപ്പെടുത്തിയത്. സംഭവം അന്വേഷിച്ച എന്‍ഐഎ, 11 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com