'ഇത് നാണക്കേടാണ്,  യുഎസ് സാമ്രാജ്യത്വത്തിന്റെ കീഴിലാണോ ഇന്ത്യ?', യുഎന്‍ പ്രമേയത്തില്‍നിന്നു വിട്ടുനിന്നതില്‍ ഇടതു പാര്‍ട്ടികള്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ സാധാരണ ജനങ്ങളുടെ നിയമപരവും മാനുഷികവുമായ അവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് ഞെട്ടിക്കുന്നത്‌
സീതാറാം യെച്ചൂരീ/ ഡി രാജ, ഫോട്ടോ: എഎന്‍ഐ
സീതാറാം യെച്ചൂരീ/ ഡി രാജ, ഫോട്ടോ: എഎന്‍ഐ

ന്യൂഡല്‍ഹി:  ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന്  സിപിഎമ്മും സിപിഐയും.  ഇന്ത്യന്‍ വിദേശനയം ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത് യുഎസ് സാമ്രാജ്യത്വത്തിന്റെ കീഴാളര്‍ എന്ന നിലയിലാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ സാധാരണ ജനങ്ങളുടെ നിയമപരവും മാനുഷികവുമായ അവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് ഞെട്ടിക്കുന്നതാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. 

മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം  യുഎസ്-ഇസ്രയേല്‍-ഇന്ത്യ അവിശുദ്ധ കൂട്ടുകെട്ട് എത്രത്തോളം വികസിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്. ഇതിലൂടെ യുഎസ് സാമ്രാജ്യത്തിന്റെ സഖ്യകക്ഷിയായി മാറുകയാണ് ഇന്ത്യയെന്നും ദീര്‍ഘകാലമായി ഇന്ത്യ പലസ്തീന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെ ഇല്ലാതാക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. 

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തില്‍  120 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ജോര്‍ദാന്റെ നേതൃത്വത്തിലാണ് പ്രമേയം കൊണ്ടുവന്നത്. ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കാനുള്ള തടസങ്ങള്‍ ഉടനടി നീക്കണം. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com