രാഹുൽ ​ഗാന്ധി, മമത, ഖാർ​ഗെ, നിതീഷ് കുമാർ/ പിടിഐ
രാഹുൽ ​ഗാന്ധി, മമത, ഖാർ​ഗെ, നിതീഷ് കുമാർ/ പിടിഐ

തെരഞ്ഞെടുപ്പിന് അതിവേഗം ഒരുങ്ങാന്‍ 'ഇന്ത്യ'; തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഇന്ന് മുന്നണി നേതൃയോഗം; ലോഗോ പുറത്തിറക്കും

പ്രതിപക്ഷ കക്ഷികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മുന്നണിയുടെ പ്രചാരണം വൈകാതെ ആരംഭിക്കും

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയിലെ സീറ്റു വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാന്‍ ധാരണ. മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ത്ഥികളെ ഈ മാസം 30 നകം തീരുമാനിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്നു രാവിലെ 10.30 ന് ആരംഭിക്കുന്ന നേതൃയോഗം ചര്‍ച്ച ചെയ്യും. 

പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭം, പൊതുസമ്മേളനങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കാനും ബിജെപിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന വിഷയങ്ങള്‍ കണ്ടെത്താനുമായി വിവിധ സമിതികള്‍ക്കും നേതൃയോഗം രൂപം നല്‍കും. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി വക്താക്കളുടെ സംയുക്ത നിരയും രൂപീകരിക്കും. 

ഇന്ത്യാ മുന്നണിയുടെ കണ്‍വീനര്‍ സംബന്ധിച്ചും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കോണ്‍ഗ്രസ് മുന്നണിയുടെ നേതൃത്വം വഹിക്കണം എന്നാണ് ശിവസേനയും മുസ്ലിം ലീഗും അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്. ഖാര്‍ഗെയുടെ ദലിത് പ്രതിച്ഛായ ഗുണം ചെയ്യുമെന്നും വിലയിരുത്തലുകളുണ്ട്. 

മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. തെരഞ്ഞെടുപ്പു മുദ്രാവാക്യവും പുറത്തിറക്കിയേക്കും. 'ബിജെപി ചലേ ജാവോ' (ബിജെപി ഇറങ്ങിപ്പോകൂ) എന്ന മുദ്രാവാക്യം രാജ്യമെങ്ങും ഉയര്‍ത്തണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. 

എന്‍ഡിഎ ഘടകകക്ഷികളെ അടര്‍ത്തിയെടുത്ത് 'ഇന്ത്യ' മുന്നണി വിപുലീകരിക്കാനുള്ള നീക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഒമ്പതു പാര്‍ട്ടികള്‍ ഇന്ത്യയില്‍ ചേരാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലും ഒറ്റക്കെട്ടായി പ്രചാരണം നടത്തും. പ്രതിപക്ഷ കക്ഷികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മുന്നണിയുടെ പ്രചാരണം വൈകാതെ ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com