പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവ്; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ ഫോറം വിധി

പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും പാക്കറ്റില്‍ 15 എണ്ണമേ ഉള്ളു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവള്ളൂര്‍ (തമിഴ്‌നാട്): പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം.

പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു.

പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും പാക്കറ്റില്‍ 15 എണ്ണമേ ഉള്ളു എന്നാണ് പരാതിക്കാരന്‍ അറിയിച്ചത്. എണ്ണമല്ല, തൂക്കമാണ് അടിസ്ഥാനമാക്കേണ്ടതെന്ന കമ്പനിയുടെ വാദം ഫോറം അംഗീകരിച്ചില്ല. ബിസ്‌കറ്റിന്റെ എണ്ണം പാക്കറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇതാണ് ഉപഭോക്താക്കള്‍ കാണുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി. 

ഉത്പന്നത്തെക്കുറിച്ച് പാക്കറ്റിലുള്ള വിവരങ്ങള്‍ ഉപഭോക്താവിനെ സ്വാധീനിക്കുന്നവയാണ്. പലരും അതു നോക്കിയാണ് ഉത്പന്നം വാങ്ങുന്നത്. ഇവിടെ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണ് നടന്നിരിക്കുന്നത്. ഇത് തെറ്റായ കച്ചവട രീതിയാണെന്ന് ഫോറം കുറ്റപ്പെടുത്തി. 

കമ്പനിക്കു നൂറു കോടി പിഴ ചുമത്തണമെന്നും പത്തു കോടി നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പെരുപ്പിച്ച തുകയാണെന്ന് ഫോറം പറഞ്ഞു. ബിസ്‌ക്കറ്റ് വിറ്റ കച്ചവടക്കാരന് തെറ്റില്‍ പങ്കില്ലെന്നും അതുകൊണ്ട് അവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും ഫോറം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com