ഗ്യാസ് ട്രബിളിന്‌ 'സ്വര്‍ണം കലര്‍ത്തിയ ആയുര്‍വ്വേദ മരുന്ന്', ഡിആര്‍ഡിഒ ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങള്‍; തട്ടിപ്പ് കഥ ഇങ്ങനെ 

ഗ്യാസ് സംബന്ധമായ അസുഖത്തിന് വ്യാജ ആയുര്‍വ്വേദ മരുന്ന് നല്‍കി മുന്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഗ്യാസ് സംബന്ധമായ അസുഖത്തിന് വ്യാജ ആയുര്‍വ്വേദ മരുന്ന് നല്‍കി മുന്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മൂന്ന് പേര്‍ ചേര്‍ന്ന് 5.4ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് 67കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ബംഗളൂരുവിലാണ് സംഭവം.രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ നിന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയ സമയത്താണ് തട്ടിപ്പുകാര്‍ ആദ്യം തന്നെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.

മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് ഗ്യാസിനുള്ള മരുന്ന് വാങ്ങുമ്പോള്‍ എന്തിന് ഈ മരുന്ന് വാങ്ങുന്നു എന്ന് ചോദിച്ചാണ് തട്ടിപ്പ് സംഘം ആദ്യം തന്റെ അടുത്തുവന്നത്. തന്റെ അച്ഛന് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആയുര്‍വ്വേദ മരുന്ന് കഴിച്ചപ്പോള്‍ മാറിയെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് മൂന്നംഗ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കി. ഇതില്‍ വിളിച്ചാല്‍ ഗ്യാസ് മാറുന്ന മരുന്ന് വില്‍ക്കുന്ന ആയുര്‍വ്വേദ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് അയാള്‍ പറഞ്ഞതായും 67കാരന്‍ പരാതിയില്‍ പറയുന്നു.

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുമായി ആയുര്‍വ്വേദ മെഡിക്കല്‍ ഷോപ്പ് ഉടമയെ കാണാനാണ് പറഞ്ഞത്. ഇതനുസരിച്ച് തട്ടിപ്പുകാര്‍ തന്നെ ആയുര്‍വ്വേ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് വിവിധ രാസവസ്തുക്കള്‍ കലര്‍ത്തിയ ഒരു എണ്ണ തന്നു. ഗ്യാസിന്റെ അസുഖം മാറുമെന്ന് പറഞ്ഞാണ് മരുന്ന് നല്‍കിയത്. വയറ്റില്‍ ഒന്നര മാസം പുരട്ടിയാല്‍ രോഗം ഭേദമാകുമെന്ന് പറഞ്ഞ അവര്‍ 5.4 ലക്ഷം രൂപയുടെ ബില്‍ തന്നു. ഇത് കണ്ട് താന്‍ ഞെട്ടിയതായും മുന്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബില്ലിനെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണം കലര്‍ത്തിയ മരുന്നാണ് എന്നായിരുന്നു അവരുടെ അവകാശവാദം. തുടര്‍ന്ന് 5.4 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ കൈമാറി.ബില്ലില്‍ മരുന്നിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പണം മടക്കി നല്‍കാം എന്ന് പറഞ്ഞിരുന്നു. മരുന്ന് താന്‍ മൂന്ന് ദിവസം ഉപയോഗിച്ചു. തുടര്‍ന്ന് തനിക്ക് അണുബാധ ഉണ്ടായതായും 67കാരന്റെ പരാതിയില്‍ പറയുന്നു. 

അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ആയുര്‍വ്വേദ മരുന്ന് പുരട്ടരുത് എന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ രണ്ടുദിവസത്തിനകം പണം തിരികെ നല്‍കാമെന്ന് പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ആയുര്‍വ്വേദ മരുന്ന് നല്‍കിയ കടയില്‍ പോയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും 67കാരന്‍ പറയുന്നു. 67കാരനെ പോലെ വെറെ ചിലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com