ജ്യൂസ് കടക്കാരന്‍ നിന്ന നില്‍പ്പില്‍ ശതകോടീശ്വരന്‍; ബോളിവുഡ് താരങ്ങള്‍ നിരന്ന 200 കോടി പൊടിച്ച വിവാഹം, വാതുവെയ്പ്പ് സാമ്രാജ്യം തീര്‍ത്ത 'മഹാദേവ് ബുക്ക്'

ഓണ്‍ലൈന്‍ വാതുവെയ്പ് ആപ്പായ 'മഹാദേവ് ബുക്ക് ഓണ്‍ലൈനു'മായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി)
സൗരഭിന്റെ വിവാഹത്തില്‍ നിന്നും/വീഡിയോ സ്‌ക്രീന്‍ഷോട്ട്
സൗരഭിന്റെ വിവാഹത്തില്‍ നിന്നും/വീഡിയോ സ്‌ക്രീന്‍ഷോട്ട്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെയ്പ് ആപ്പായ 'മഹാദേവ് ബുക്ക് ഓണ്‍ലൈനു'മായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). കേസില്‍ 417 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തതിന് പിന്നാലെയാണ് ബോളിവുഡ് താരങ്ങളിലേക്കും അന്വേഷണം നീങ്ങുന്നത്.

മഹാദേവ് ബുക്ക് പ്രൊമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിലും കമ്പനി നടത്തിയ പാര്‍ട്ടിയിലും ഒട്ടേറെ സിനിമാ താരങ്ങളും ഗായകരും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഈ പരിപാടികള്‍ക്കായി പല താരങ്ങള്‍ക്കും വലിയതുകയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് താരങ്ങളെ ചോദ്യംചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണ ഏജന്‍സി നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടൈഗര്‍ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കാര്‍, ആതിഫ് അസ്ലം, റാഹത് ഫത്തേഹ് അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്ലാനി, എല്ലി അവറാം, ഭാരതി സിങ്, ഭാഗ്യശ്രീ, കൃതി ഖര്‍ബന്ദ, നുസ്റത്ത് ബറൂച്ച, സുഖ് വീന്ദര്‍ സിങ് എന്നീ താരങ്ങളും ഗായകരുമാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളതെന്നും ഇവര്‍ക്ക് സമന്‍സ് അയച്ചേക്കുമെന്നാണ് സൂചന.

അതിനിടെ, മഹാദേവ് ബുക്കിന്റെ മുഖ്യ പ്രൊമോട്ടര്‍മാരില്‍ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഏകദേശം 200 കോടി രൂപ ചെലവഴിച്ചാണ് ഇയാള്‍ യുഎഇയില്‍ വിവാഹചടങ്ങുകള്‍ സംഘടിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാനായി സ്വകാര്യ വിമാനങ്ങളടക്കം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹചടങ്ങുകള്‍ക്കായി ഇന്ത്യയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ അടക്കമുള്ളവര്‍ക്ക് പണം കൈമാറിയത് ഹവാല ഇടപാടിലൂടെയാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

മഹാദേവ് ബുക്ക് ഓണ്‍ലൈന്‍ ആപ്പുമായി ബന്ധപ്പെട്ട് 5000 കോടിരൂപയുടെ കള്ളപ്പണ, ഹവാല ഇടപാടുകള്‍ നടന്നതായാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. മഹാദേവ് ബുക്കിന്റെ പ്രധാന പ്രൊമോട്ടര്‍മാരായ സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പാള്‍ എന്നിവരാണ് കേസിലെ പ്രധാനപ്രതികള്‍. ഇരുവരെയും ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നാലുപേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. റായ്പുര്‍, ഭോപാല്‍, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ 39 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 417 കോടി രൂപയുടെ സ്വത്തും പിടിച്ചെടുത്തു. പ്രതികളെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും ഇഡി ആരംഭിച്ചിട്ടുണ്ട്.

മഹാദേവ് ബുക്ക്, വാതുവെപ്പുകാരുടെ സാമ്രാജ്യം

ഓണ്‍ലൈന്‍ വാതുവെയ്പ്പിനുള്ള പ്ലാറ്റ്ഫോമായി 2017ലാണ് 'മഹാദേവ് ബുക്ക്' പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിവിധ ഗെയിമുകളില്‍ ചൂതാട്ടത്തിനായി അവസരമൊരുക്കുന്ന മഹാദേവ് ബുക്ക് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞെട്ടിക്കുന്ന വളര്‍ച്ചയുണ്ടാക്കി. കോവിഡ് ലോക്ഡൗണ്‍ കാലത്ത് കമ്പനിയുടെ വിവിധ ആപ്പുകളിലും പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയര്‍ന്നു.

ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പാള്‍ എന്നിവരാണ് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാദേവ് ബുക്കിന്റെ മുഖ്യ പ്രൊമോട്ടര്‍മാര്‍. നേരത്തെ ഭിലായില്‍ ജ്യൂസ് വില്‍പ്പനക്കാരനായ സൗരഭിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. യുഎഇയില്‍നിന്നാണ് ഇരുവരും കമ്പനി നിയന്ത്രിക്കുന്നതെന്നും ഇന്ത്യയിലെ ഫ്രാഞ്ചൈസികള്‍ വഴിയാണ് പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മഹാദേവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ 417 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ എഎസ്‌ഐ. ചന്ദ്രഭൂഷണ്‍ വര്‍മ, സതീഷ് ചന്ദ്രകാര്‍, ബിസിനസുകാരും സഹോദരങ്ങളുമായ സുനില്‍ ദമ്മാനി, അനില്‍ ദമ്മാനി എന്നിവരാണ് കേസില്‍ ഇതുവരെ ഇഡിയുടെ പിടിയിലായവര്‍. ഇതില്‍ എഎസ്‌ഐ ചന്ദ്രഭൂഷണ്‍ വര്‍മയ്ക്ക് കേസില്‍ വലിയ പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

മഹാദേവ് ബുക്കിന്റെ പ്രൊമോട്ടര്‍മാരില്‍നിന്ന് ഏകദേശം 65 കോടി രൂപയോളമാണ് എഎസ്‌ഐയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം, തന്റെ വിഹിതം എടുത്തശേഷം ബാക്കിതുകയെല്ലാം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും നല്‍കിയെന്നാണ് ഇയാളുടെ മൊഴി. കേസുകളില്‍നിന്ന് മുഖ്യ പ്രൊമോട്ടര്‍മാരെ സംരക്ഷിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

അറസ്റ്റിലായ അനില്‍ ദമ്മാനിയും സുനില്‍ ദമ്മാനിയും പെട്രോള്‍ പമ്പും ജൂവലറിയും നടത്തുന്നവരാണ്. ഇരുവരും മഹാദേവ് ബുക്കിന്റെ ഹവാല ഓപ്പറേറ്റര്‍മാരായി പ്രവര്‍ത്തിച്ചതായാണ് ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുഖ്യപ്രതിയായ രവി ഉപ്പാളുമായി ഇവര്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്വേഷണവലയിലേക്ക് താരങ്ങളും

2022 സെപ്റ്റംബറില്‍ ദുബായിലെ സെവന്‍സ്റ്റാര്‍ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ പ്രതിഫലമായി ചില താരങ്ങള്‍ 40 കോടി രൂപ വരെ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമേ ചൂതാട്ട ആപ്പുകള്‍ പ്രൊമോട്ട് ചെയ്യുന്ന പരസ്യവീഡിയോകളിലും സാമൂഹികമാധ്യമ പോസ്റ്റുകളിലും ചില താരങ്ങള്‍ അഭിനയിച്ചിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയ താരങ്ങളുടെ പേരുവിവരങ്ങള്‍ ഇഡി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, പലതാരങ്ങളെയും സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com