
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിന്റെ മാതൃകയില്‍ കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കാന്‍ ബിജെപി. രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ വീണ്ടും മത്സരിപ്പിക്കുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പുതിയ നീക്കം.
കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, രാജ്‌സമന്ദില്‍ നിന്നുള്ള എംപി ദിയാ കുമാരി എന്നിവരെ മത്സരരംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി തീരുമാനിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ തീരുമാനം.
വിജയിച്ച എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടാത്തതില്‍ വസുന്ധര രാജെ സിന്ധ്യ കടുത്ത അതൃപ്തിയിലാണ്. ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ഗജേന്ദ്ര സിങ് ശെഖാവത്തിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജോധ്പൂര്‍ മണ്ഡലത്തില്‍, മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ മകന്‍ വൈഭവ് ഗെഹലോട്ടിനെ പരാജയപ്പെടുത്തിയാണ് ഗജേന്ദ്ര സിങ് ശെഖാവത്ത് എംപിയായത്. 85 വയസ്സുകാരനും ആറു തവണ എംഎല്‍എയുമായ സൂര്യകാന്ത വ്യാസിന് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം നല്‍കിയേക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക