രാമനവമി സംഘര്‍ഷം; അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി, അശോക ജയന്തി ആഘോഷം മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2023 09:07 PM  |  

Last Updated: 01st April 2023 09:07 PM  |   A+A-   |  

amit_shah

ഫയല്‍ ചിത്രം

 

പട്‌ന: രാമനവമി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദര്‍ശനം റദ്ദാക്കി. നിരോധനാജ്ഞ നിലവിലുള്ള സസാറാമില്‍ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കാനിരുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷം മാറ്റിവച്ചു. അതേസമയം, നവാഡ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. 

ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം നടന്നത്. 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സസാറാമിനു പുറമേ നളന്ദയിലും നിരോധനാഞ്ജ പ്രഖ്യാപിച്ച് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തി. നളന്ദയില്‍ ബജ്‌റംഗദള്‍ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു.

ബിഹാറിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമായിരുന്നെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനം അട്ടിമറിക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തന്ത്രമാണ് അക്രമങ്ങള്‍ക്കു പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രാട്ട് ചൗധരി ആരോപിച്ചു. നിതീഷിനു ജന്മനാടായ നളന്ദയില്‍ പോലും ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന് സമ്രാട്ട് ചൗധരി കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ സിദ്ദു ജയിൽ മോചിതനായി; വാ​ദ്യ മേളങ്ങളോടെ സ്വീകരിച്ച് അണികൾ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ