ഗൂഗിളിന് തിരിച്ചടി; പിഴ ചുമത്തിയ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി 

പ്രമുഖ ടെക്‌നോളജി കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: പ്രമുഖ ടെക്‌നോളജി കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. 1338 കോടിയുടെ പിഴയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിനെതിരെ ചുമത്തിയത്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ് പാലിക്കാന്‍ ഗൂഗിളിന് അനുവദിച്ച സമയം കോടതി ഒരാഴ്ച കൂടി നീട്ടിനല്‍കി.

വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിച്ചു എന്ന് കാരണം ചൂണ്ടിക്കാണിച്ചാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിനെതിരെ പിഴ ചുമത്തിയത്. ഇതിനെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. പിഴത്തുകയുടെ 10 ശതമാനം ഉടന്‍ കെട്ടിവെയ്ക്കണമെന്ന ഉത്തരവിനും സ്റ്റേയില്ല. ഗൂഗിളിന്റെ അപ്പീല്‍ മാര്‍ച്ച് 31നകം തീര്‍പ്പാക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനോട് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം, ഗൂഗിളിനെതിരായ ഇടക്കാല ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി കേസ് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് തിരികെ നല്‍കുന്നതിനെ കുറിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് മുന്‍പാകെ പരാജയപ്പെടുന്നവര്‍, തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത. കാരണം വിഷയം രാജ്യത്തിന് പ്രാധാന്യമുള്ളതും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയുമാണെന്നും  അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഒക്ടോബറിലാണ് ഗൂഗിളിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്. 1338 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ 97 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ എതിരാളികള്‍ക്ക് അവസരം നിഷേധിച്ച് അനാരോഗ്യകരമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഗിള്‍ നേതൃത്വം നല്‍കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com