മകന്റെ മരണത്തിന് പ്രതികാരം, മൊബൈല്‍ ഫോണ്‍ തുമ്പായി; ഒരുകുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകമെന്ന് പൊലീസ്

മഹാരാഷ്ട്രയിലെ പുനെയില്‍ ഒരുകുടുംബത്തിലെ ഏഴുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബന്ധുക്കള്‍ നടത്തിയ കൊലപാതകമെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ ഒരുകുടുംബത്തിലെ ഏഴുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബന്ധുക്കള്‍ നടത്തിയ കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. മകനെ കൊന്നതിന്റെ പ്രതികാരമായാണ് പ്രതികള്‍ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

മോഹന്‍ പവാര്‍ (45), ഭാര്യ സംഗീത മോഹന്‍ (40), മകള്‍ റാണി ഫുല്‍വാരെ (24), മരുമകന്‍ ശ്യാം ഫുല്‍വാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികള്‍ എന്നിവരേയാണ് ഭീമ പുഴക്കരയില്‍ പാരഗണ്‍ പാലത്തിനടുത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാണ്‍ പവാര്‍, ശ്യാം കല്യാണ്‍ പവാര്‍, ശങ്കര്‍ കല്യാണ്‍ പവാര്‍, പ്രകാശ് കല്യാണ്‍ പവാര്‍, കാന്താഭായ് സര്‍ജെറൊ ജാധവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹങ്ങളില്‍ പരിക്കേറ്റ പാടില്ല. എങ്ങനെയാണ് ഇവര്‍ കൊലപ്പെടുത്തിയത് എന്ന് അന്വേഷിച്ച് വരുന്നതായും പൊലീസ് പറയുന്നു.

മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികളില്‍ ഒരാളായ അശോക് പവാറിന്റെ മകന്‍ ധനഞ്ജയ് പവാര്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മകന്റെ മരണത്തിന് പ്രതികാരമെന്നോണമാണ് ഏഴ് പേരെയും കൊലപ്പെടുത്തിയതെന്ന് പൂനെ റൂറല്‍ എസ് പി അങ്കിത് ഗോയല്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com