'വിദ്യാഭ്യാസ യോ​ഗ്യത ചോദിച്ചാൽ പിഴ ചുമത്തുമോ? നിരക്ഷര പ്രധാനമന്ത്രി രാജ്യത്തിന് അപകടം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 08:36 PM  |  

Last Updated: 31st March 2023 08:36 PM  |   A+A-   |  

modi

ഫോട്ടോ: ട്വിറ്റർ

 

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചതിന് പിഴ വിധിച്ച ​ഗുജറാത്ത് ​ഹൈക്കോടതി വിധിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കേ​ന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹർജിക്കാരനായ കെജരിവാളിനു കോടതി 25,000 രൂപ പിഴ വിധിച്ചത്. 2016ൽ ​ഗുജറാത്ത് സർവകലാശാലയോടു ഇതുസംബന്ധിച്ച വിവരങ്ങൾ കെജരിവാളിന് കൈമാറണമെന്നായിരുന്നു കമ്മീഷൻ നിർദ്ദേശിച്ചത്. 

വിധിക്ക് പിന്നാലെ കെജരിവാൾ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. പ്രധാനമന്ത്രിയുടെ വി​​ദ്യാഭ്യാസ യോ​ഗ്യതകൾ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ ഈ രാജ്യത്തിന് അവകാശമില്ലേ എന്ന് കെജരിവാൾ ചോദ്യം ഉന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു കെജരിവാളിന്റെ പ്രതികരണം. നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനു തന്നെ അപകടമാണെന്നും കെജരിവാൾ കുറിച്ചു. 

'നമ്മുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോ​ഗ്യത അറിയാൻ ഈ രാജ്യത്തിന് അവകാശമില്ലേ? വിദ്യാഭ്യാസ യോ​ഗ്യത വെളിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി ശക്തമായി എതിർക്കുന്നു. എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോ​ഗ്യത ചോദിക്കുന്നവർക്കെല്ലാം പിഴ ചുമത്തുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? വിദ്യാഭ്യാസം കുറഞ്ഞ നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടമാണ്'- കെജരിവാൾ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ്, ഗുജറാത്ത് സർവകലാശാല, ഡല്‍ഹി സർവകലാശാല എന്നിവയ്ക്കാണ് വിവരാവകാശ കമ്മീഷൻ ഉത്തരവ് നല്‍കിയത്. ഇതിനെതിരെ ഗുജറാത്ത് സർവകലാശാല നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. 

ഗുജറാത്ത് സർവകലാശാലയില്‍ നിന്ന് 1978ല്‍ ബിരുദവും ഡല്‍ഹി സർവകലാശാലയില്‍ നിന്ന് 1983ല്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജരിവാള്‍ ആരാഞ്ഞത്.

സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്ന്, ഗുജറാത്ത് സർവകലാശാലക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഇതില്‍ പൊതുതാത്പര്യമൊന്നുമില്ല. ഒരാളുടെ ബാലിശമായ കൗതുകത്തിനു വേണ്ടി ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനാവില്ല. പ്രധാനമന്ത്രിക്കു ബിരുദമുണ്ടോയെന്നത് അദ്ദേഹത്തിന്റെ ചുമതലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത കാര്യമാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കു' പോസ്റ്റര്‍; ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ