ഇന്‍ഡിഗോ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം
ഇന്‍ഡിഗോ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം

ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച സംഭവം; യാത്രക്കാരന്‍ അറസ്റ്റില്‍ 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നല്‍കി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ  ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ പതിമൂന്ന് മണിക്കൂര്‍ വൈകുമെന്നറിയിച്ചതിന് പിന്നാലെയായിരുന്നു യാത്രക്കാരന്റെ മര്‍ദനം. യാത്രക്കാരെല്ലാം വിമാനത്തില്‍ കയറിയതിന് പിന്നാലെയാണ് വിമാനം വൈകുമെന്ന് പൈലറ്റ് അറിയിച്ചതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്. 

സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷം, സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം നോട്ടിസ് നല്‍കിയതിന് പിന്നാലെ കതാരിയയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.

മര്‍ദ്ദനമേറ്റ ഇന്‍ഡിഗോ പൈലറ്റ് അനൂപ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹില്‍ കതാരിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിമാനത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നല്‍കി. യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ നടപടി യാത്രക്കാരനെതിരെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ശക്തമായ പ്രതികരിച്ചിരുന്നു. വിമാനത്തില്‍വെച്ചുള്ള ഇത്തരം അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com