നാല് മണിവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷം പേര്‍; കാത്തുനില്‍ക്കുന്നത് ലക്ഷക്കണക്കിന് ഭക്തര്‍;  തിരക്ക് നിയന്ത്രിക്കാന്‍ തീര്‍ഥാടകരെ തടയും

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയോധ്യ അതിര്‍ത്തികളില്‍ തീര്‍ഥാടകരെ തത്കാലമായി തടയും.
അയോധ്യയിലെ ഭക്തജനത്തിരക്ക്/ പിടിഐ
അയോധ്യയിലെ ഭക്തജനത്തിരക്ക്/ പിടിഐ

അയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നതോടെ ആദ്യദിനം വൈകീട്ട് നാലുമണിവരെ  സന്ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷം പേര്‍. രണ്ട് ലക്ഷത്തോളം പേര്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയോധ്യ അതിര്‍ത്തികളില്‍ തീര്‍ഥാടകരെ തത്കാലമായി തടയും.ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശനസമയത്തില്‍ മാറ്റം വരുത്തുമെന്നും മുഖ്യപുരോഹിതന്‍ സത്യേന്ദ്രദാസ് പറഞ്ഞു.

ഇന്ന് പ്രതീക്ഷിച്ചതിലും ആളുകള്‍ തുടരുന്നതിനാല്‍ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയില്ല. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഇതുതുടരുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമകാലഘട്ടത്തെ അനുസ്മരിക്കുന്ന ഒരു ദിവ്യമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ജയ് ശ്രീരാം വിളിക്കുന്നത്. ത്രേതായുഗത്തിന്റെ കാലത്തേക്ക് മടങ്ങിയെത്തിയതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാവിലെയാണ് പൂജകള്‍ക്ക് ശേഷം ദര്‍ശനം ആരംഭിച്ചത്. ക്ഷേത്രപരിസരവും അയോധ്യയുമെല്ലാം ഭക്തരാല്‍ തിങ്ങി നിറഞ്ഞു. വലിയ ജനക്കൂട്ടമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊടുംതണുപ്പു വകവയ്ക്കാതെ ക്ഷേത്രദര്‍ശനത്തിനായി എത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചയോടെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനായി ഭക്തര്‍ ക്ഷേത്രത്തിന് മുന്നില്‍ തമ്പടിക്കുകയായിരുന്നു. ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് ഏഴുവരെയുമാണു ദര്‍ശനം അനുവദിക്കുക. പുലര്‍ച്ചെ 6.30ന് ജാഗരണ്‍ ആരതിയോടെ ക്ഷേത്രം തുറക്കും. വൈകിട്ട് 7.30ന് സന്ധ്യാ ആരതിയോടെ നട അടയ്ക്കും. ഉച്ചയ്ക്ക് 12നും ആരതിയുണ്ടാകും.

തിങ്കളാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ. കാശിയിലെ പുരോഹിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാര്‍മികത്വം വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും മോദിക്കൊപ്പം അര്‍ച്ചനയിലും പൂജയിലും പങ്കെടുത്തു. യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. രാജ്യത്തിന്റെ വിവിധ മേഖലകളുടെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com