'നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവന്‍'; അത്ഭുതമില്ലെന്ന് കോണ്‍ഗ്രസ്

'ആയാ റാം ഗയാ റാം പോലെ നിരവധി ആളുകള്‍ രാജ്യത്തുണ്ട്'
നിതീഷ് കുമാര്‍
നിതീഷ് കുമാര്‍ പിടിഐ

ന്യൂഡല്‍ഹി: ബിജെപി സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യ മുന്നണി ശക്തമാണ്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.

മുന്നോട്ടുള്ള യാത്രയില്‍ സ്പീഡ് ബ്രേക്കറുകള്‍ പതിവാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കര്‍ പോലെ മാത്രമേ പരിഗണിക്കുന്നുള്ളൂ. ഡിഎംകെ, എന്‍സിപി, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയെല്ലാം ഒറ്റക്കെട്ടായി തന്നെ ബിജെപിയെ നേരിടുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

നിതീഷ് ബിജെപിക്കൊപ്പം പോകുമെന്ന് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു. ആയാറാം ഗയാറാം പോലെ നിരവധി ആളുകള്‍ രാജ്യത്തുണ്ട്.

നിതീഷ് കുമാര്‍
ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ഇന്ത്യ സഖ്യം തകരാതിരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് മുമ്പ് അറിഞ്ഞിട്ടും നിശബ്ദത പാലിച്ചത്. എന്തെങ്കിലും പറഞ്ഞാല്‍ അത് തെറ്റായ സന്ദേശം നല്‍കും. നിതീഷ് സഖ്യം വിടുന്നതിനെക്കുറിച്ച് ലാലു പ്രസാദ് യാദവും തേജസ്വി യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് യാഥാര്‍ത്ഥ്യമായെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

ബിഹാറില്‍ നടന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു. ഒരാളെ വിവാഹം കഴിച്ച്, മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്നതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയമെന്നും താരിഖ് അന്‍വര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ നിന്നാണ് ജെഡിയു ബിജെപിക്കൊപ്പം ചേക്കേറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com