ബസ്സിലെ ക്ലീനര്‍ മുതല്‍ മീന്‍ കച്ചവടം വരെ; സന്ദേശ്ഖലിയുടെ പേടി സ്വപ്നം, ആരാണ് ഷാജഹാന്‍ ഷെയ്ഖ്?

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖ് 55 ദിവസമാണ് ഒളിവില്‍ കഴിഞ്ഞത്
ഷാജഹാൻ ഷെയ്ഖ്
ഷാജഹാൻ ഷെയ്ഖ് ടിവി ദൃശ്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയില്‍ ലൈംഗിക അതിക്രമങ്ങളും ഭൂമി കൈയേറ്റവും ആരോപിച്ച് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഷാജഹാന്‍ ഷെയ്ഖ് 55 ദിവസമാണ് ഒളിവില്‍ കഴിഞ്ഞത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സുന്ദര്‍ബന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള സന്ദേശ്ഖലി ദ്വീപില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടില്‍ നിന്നാണ് ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് പറയുന്നു. സന്ദേശ്ഖലിയില്‍ എതിര്‍ ശബ്ദമില്ലാത്ത തരത്തില്‍ വളര്‍ന്ന് പന്തലിച്ച ഷാജഹാന്‍ ഷെയ്ഖ് രാഷ്ട്രീയക്കാരന്‍ മാത്രമല്ല വന്‍ വ്യവസായി കൂടി ആയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂട്ടാളികളോടൊപ്പം ഒരു വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ടിഎംസിയുടെ ഭായ് എന്ന് വിളിപ്പേരുള്ള ഷാജഹാന്‍ ഷെയ്ഖ് മത്സ്യ ബന്ധന, ഇഷ്ടിക ചൂളകളിലെ തൊഴിലാളിയായാണ് തുടക്കം. ഇഷ്ടിക ചൂളയിലെ യൂണിയന്‍ നേതാവായ ഷെയ്ഖ് 2004ല്‍ രാഷ്ട്രീയത്തിലെത്തി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടും തന്റെ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം പിന്നീട് സിപിഎമ്മിന്റെ പ്രാദേശിക യൂണിറ്റില്‍ ചേര്‍ന്നു.

സംഘടനാ വൈദഗ്ധ്യത്തിന് പലപ്പോഴും പ്രശംസ ഏറ്റുവാങ്ങിയ ആളാണ് ഷെയ്ഖ്. പ്രസംഗങ്ങളിലും തീഷ്ണതയേറിയ വാക്കുകള്‍ വളരെ പെട്ടെന്ന് ജനമനസിലേക്ക് കയറാന്‍ സഹായകമായി. 2012ലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധപിടിച്ചു പറ്റുന്നത്. അന്നത്തെ ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയെപ്പോലുള്ളവര്‍ക്കൊപ്പം മികച്ച പാര്‍ട്ടി പ്രവര്‍ത്തകനായി അദ്ദേഹം പേരെടുത്തു.

പിന്നീടുള്ള പ്രവര്‍ത്തന മികവില്‍ പ്രദേശത്തെ ഭൂമി തര്‍ക്കങ്ങളിലും കുടുംബപ്രശ്‌നങ്ങളിലും വരെ മികച്ച കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്ന ആളായി മാറി. ഒരു സാധാരണ പ്രാദേശികമായിട്ടുള്ള ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നിടത്തു നിന്ന് സന്ദേശ്ഖലി ഭയപ്പെടുന്ന നിലയിലേക്കെത്തിയ ഷാജഹാന്റെ ഉയര്‍ച്ചയും പതവും ബോളീവുഡ് സിനിമ പോലെയാണ്. സന്ദേശ്ഖലിയില്‍ നിന്ന് സര്‍ബീരിയയിലേക്കുള്ള യാത്രാ വാഹന സര്‍വീസുകളില്‍ സഹായിയായി ഏതാനും വര്‍ഷങ്ങള്‍ ജോലി ചെയ്തതിന് ശേഷമാണ് ഷാജഹാന്‍ മത്സ്യവ്യാപാരത്തിലേക്ക് കടക്കുന്നത്. മത്സ്യകൃഷി ചെയ്തിരുന്ന മാതൃസഹോദരന്‍മാരില്‍ ഒരാളുടെ സഹായിയായി തുടങ്ങിയ ഷാജഹാന്‍ അവിടെയും സര്‍വാധിപത്യം സ്ഥാപിച്ചു. സ്വന്തമായി ചെമ്മീന്‍ ബിസിനസ് തുടങ്ങി. 200-ഓളം മത്സ്യബന്ധന യൂണിറ്റുകള്‍, പ്രാദേശിക മൊത്ത മത്സ്യ മാര്‍ക്കറ്റുകള്‍, ചെമ്മീന്‍ സംസ്‌കരണ കേന്ദ്രങ്ങള്‍ അങ്ങനെ ആ രംഗത്തും ആരും പ്രതീക്ഷിക്കാത്ത വളര്‍ച്ചയിലേക്ക് ഉയരുകയായിരുന്നു. ഇതിനിടയില്‍ പ്രശ്‌ന പരിഹാരങ്ങളില്‍ പേര് കേള്‍ക്കുന്നതിനാല്‍ സന്ദേശ്ഖലിയുടെ മിശിഹാ എന്ന് വരെ ആളുകള്‍ വിളിച്ചു.

ഷാജഹാൻ ഷെയ്ഖ്
ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്

മോട്ടോര്‍ ബൈക്കുകള്‍ എന്നും ഷാജഹാന് പ്രിയമായിരുന്നു. മറ്റ് വാഹനങ്ങളോടൊപ്പം ഏകദേശം 20 ഇരുചക്ര വാഹനങ്ങളാണ് സ്വന്തമായുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 19.8 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ള വ്യവസായിയാണ്. 1.9 കോടി രൂപ ബാങ്ക് നിക്ഷേപവും ഏകദേശം 70 ഏക്കറോളം ഭൂമിയുടേയും കൂറ്റന്‍ ബംഗ്ലാവിന്റെയും ഉടമ കൂടിയാണ്. ഒരു സിപിഎം നേതാവുമായുള്ള അടുപ്പത്തിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടിക ചൂളയിലെ യൂണിയന്‍ നേതാവിലേയക്ക് വഴി തുറന്നു.

ബംഗാളിലെ മുന്‍ ഇടതുമുന്നണി ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് ഷെയ്ഖിന്റെ ഉയര്‍ച്ച ആരംഭിച്ചത്. 2013ല്‍ സിപിഎമ്മിനെ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് മാറി. സന്ദേശ്ഖലിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ ഷാജഹാന്‍ ഒരു നിര്‍ണായക ഘടകമാകുമെന്ന് ടിഎംസി മനസിലാക്കിയതോടെ അവിടെയും ഷാജഹാന് പിന്‍തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ടിഎംസിയുടെ വിജയത്തിലും ഷാജഹാന്‍ നിര്‍ണായക പങ്കുവഹിച്ചു.

പ്രതിഫലമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുകയും മികച്ച വിജയം നേടുകയും ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസിലെ ഉയര്‍ച്ചയെ തുടര്‍ന്ന് ഷാജഹാന്‍ പഞ്ചായത്തിന്റെ ഉപ-പ്രധാന്‍ (ഡെപ്യൂട്ടി ഹെഡ്) എന്ന രീതിയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ സന്ദേശ്ഖലി യൂണിറ്റിന്റെ തലവനായി. കുറ്റകൃത്യങ്ങളില്‍ മുങ്ങിയുള്ള ജീവിതമാണെങ്കിലും മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എന്നും ഷാജഹാനെ പൊന്നുപോലെ കാത്തു പോന്നു. സംസ്ഥാനത്ത് കോടികളുടെ റേഷന്‍ വിതരണ കേസില്‍ ഷാജഹാന്‍ അന്വേഷണം നേരിടുന്നുണ്ട്. 1000 കോടി രൂപയുടെ അഴിമതിയാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. 60 കോടിയോളം കള്ളപ്പണവും കണക്കില്ലാത്ത ആയുധങ്ങളും ഷാജഹാന്റെ വീട്ടില്‍ സൂക്ഷിച്ചതായി അന്വഷണ ഏന്‍സികള്‍ കണ്ടെത്തിയിരുന്നു. ഏതെങ്കിലും തരത്തില്‍ ഷാജഹാനെതിരെ പരാതി ഉയര്‍ന്നാല്‍ തന്നെയും പൊലീസ് സംവിധാനം പോലും ഷാജഹാനെതിരെ ശബ്ദിക്കാത്ത അവസ്ഥയിലേക്കെത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേടി സ്വപ്‌നമായി ഷാജഹാന്‍ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഷാജഹാൻ ഷെയ്ഖ്
നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചു; പതിനാറുകാരന്റെ മുഖത്ത് തുപ്പി; ക്രൂരമായി മര്‍ദിച്ച് മദ്രസ അധ്യാപകന്‍

പിടിച്ചുപറി, അഴിമതി, ബലാത്സഗം, കൊലപാതകം തുടങ്ങി നിരവധി കേസുകള്‍ ഷെയ്ഖ് ഷാജഹാനെതിരെ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഒരു കേസില്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പല കേസുകളിലും ഒളിവില്‍ പോയി, അതിര്‍ത്തി കടന്നുള്ള അനധികൃത വ്യപാരങ്ങള്‍ നടത്തിയിരുന്ന ഷാജഹാന്‍ പലപ്പോഴും അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ബംഗ്ലാദേശിലേക്ക് കടന്നു.

ഷാജഹാൻ ഷെയ്ഖ്
ഷിന്‍ഡെയെയും സംഘത്തെയും വിരുന്നിന് ക്ഷണിച്ച് ശരദ് പവാര്‍; രാഷ്ട്രീയ നീക്കം?

ഈ രീതിയില്‍ പകരക്കാരനില്ലാതെ സന്ദേശ്ഖലി അടക്കി വാഴുന്ന സമയത്താണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, പ്രദേശത്തെ ടിഎംസി-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. ഈ സംഭവത്തില്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ കേസെടുത്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു തുടങ്ങി. ഈ വര്‍ഷം ജനുവരി അഞ്ചിന് ഷാജഹാന്റെ വീട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച ഇഡി സംഘത്തിന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നു. റേഷന്‍ വിതരണ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി സംഘം ഷാജഹാന്റെ വീട്ടിലെത്തിയത്. ആഴ്ചകള്‍ക്ക് ശേഷമാണ് ഭൂമി കയ്യേറുകയും കൂട്ടബലാത്സംഗം നടത്തുകയും ചെയ്തതിന് ഷാജഹാന്‍ ഷെയ്ഖിനെതിരെ സ്ത്രീകള്‍ പ്രതിഷേധിച്ചു തുടങ്ങിയത്. ഷാജഹാന്റേയും കൂട്ടാളികളായ ഷിബാ പ്രസാദ് ഹസ്ര, ഉത്തം സദാര്‍ എന്നിവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ത്രീകള്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകള്‍ വളഞ്ഞു. ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ത്രീകളുടെ മുന്നേറ്റത്തെ ഏറ്റെടുത്തു.

ഭരണകക്ഷിയായ തൃണമൂല്‍ ഭരണം ഷാജഹാനെയും കൂട്ടരെയും സംരക്ഷിക്കുകയാണെന്ന് ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഷാജഹാനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ടിഎംസി നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സ്ത്രീകളുടെ ശക്തമായ സമരത്തിനിടയില്‍ 55 ദിവസമാണ് ഷാജഹാന്‍ ഒളിവില്‍ കഴിഞ്ഞത്. ഒടുവില്‍ ഫെബ്രുവരി 29ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് നിലവില്‍ ഷാജഹാന്‍ ഷെയ്ഖ്. അറസ്റ്റിനെ തുടര്‍ന്ന് ടിഎംസി ഷാജഹാനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com