സെപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ക്ക് അവധിയില്ല; എടിഎമ്മിലും പണമുണ്ടാകും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെന്ന് ധനകാര്യമന്ത്രാലയം

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെടുകയോ എടിഎമ്മുകളില്‍ പണത്തിന് ക്ഷാമം നേരിടുകയോ ചെയ്യില്ല.സെപ്തംബര്‍ എട്ടിന് രണ്ടാം ശനിയാഴ്ചയായതിനാല്‍ ബാങ്കിന് പതിവുപോലെ അവധിയായിരിക്കും
സെപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ക്ക് അവധിയില്ല; എടിഎമ്മിലും പണമുണ്ടാകും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെന്ന് ധനകാര്യമന്ത്രാലയം

മുംബൈ:  സെപ്തംബര്‍ ആദ്യ ആഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. വാട്ട്‌സാപ്പിലൂടെയും മെസേജുകളിലൂടെയും ബാങ്കുകള്‍ തുടര്‍ച്ചയായ ആറുദിവസം അവധിയായിരിക്കും എന്നതരത്തില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും മന്ത്രാലയം അറിയിച്ചു. ബാങ്കിങ് സേവനങ്ങള്‍ പതിവ് പോലെ തുടരുമെന്നും എടിഎമ്മുകളില്‍ പണത്തിന് ക്ഷാമം ഉണ്ടാകുമെന്നുമുള്ള വ്യാജപ്രചരണങ്ങളെ കണക്കിലെടുക്കരുതെന്നും ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടനാ വൈസ് പ്രസിഡന്റ് അശ്വനി റാണയും വ്യക്തമാക്കിയിട്ടുണ്ട്. 


 
സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയും, എട്ടും ഒന്‍പതും തിയതികളില്‍ അവധിയുണ്ടാകുമെന്നുമായിരുന്നു വാട്ട്‌സാപ്പ് വഴി വ്യാജസന്ദേശം വ്യാപകമായി പ്രചരിച്ചത്. തിങ്കള്‍ ജന്‍മാഷ്ടമിയുടെ അവധിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സമരം നടത്തുമെന്നുമായിരുന്നു വാട്ട്‌സാപ്പില്‍ പ്രചരിച്ച വാര്‍ത്ത. റിസര്‍വ് ബാങ്ക് ജീവനക്കാര്‍ മാത്രമാണ് സെപ്തംബര്‍ നാല്, അഞ്ച് തിയതികളില്‍ സമരം നടത്തുന്നത്. ഇതാണ് എല്ലാ ബാങ്ക് ജീവനക്കാരും സമരത്തിലേക്ക് എന്ന് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ആര്‍ബിഐ ജീവനക്കാരുടെ രണ്ട് ദിവസം നീളുന്ന സമരം പൊതുജനങ്ങളെ സാരമായി ബാധിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 

തിങ്കളാഴ്ചയാണ് ജന്‍മാഷ്ടമി. ഈ അവധി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബാധകമല്ല. രാജ്യമെങ്ങുമുള്ള ആര്‍ബിഐ ശാഖകളില്‍ 16 സ്ഥലങ്ങളില്‍ മാത്രമേ അവധി നല്‍കിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെടുകയോ എടിഎമ്മുകളില്‍ പണത്തിന് ക്ഷാമം നേരിടുകയോ ചെയ്യില്ല.സെപ്തംബര്‍ എട്ടിന് രണ്ടാം ശനിയാഴ്ചയായതിനാല്‍ ബാങ്കിന് പതിവുപോലെ അവധിയായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com