തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണം,  വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കും ; ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി

പൊതു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി സമൂഹമാധ്യമങ്ങളുടെ സഹകരണം ആവശ്യമാണെന്നും അല്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും  സമിതി ചെയര്‍മാന്‍ അനുരാഗ് ഥാക്കൂര്‍ 
തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണം,  വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കും ; ട്വിറ്ററിനോട് നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിദേശത്ത് നിന്ന് യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് ട്വിറ്ററിനോട് ഇന്ത്യ. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കാനെത്തിയ ട്വിറ്റര്‍ പബ്ലിക് പോളിസി തലവനോടാണ് സമതി ഉറപ്പ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറണമെന്നും സമിതി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. പൊതു തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനായി സമൂഹമാധ്യമങ്ങളുടെ സഹകരണം ആവശ്യമാണെന്നും അല്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും  സമിതി ചെയര്‍മാന്‍ അനുരാഗ് ഥാക്കൂര്‍ ട്വിറ്ററിന്റെ പബ്ലിക് പോളിസി തലവന്‍ കോളിന്‍ ക്രോവലിനോട് വ്യക്തമാക്കിയിട്ടുണ്ട്. 

പാര്‍ലമെന്ററി സമിതി നല്‍കിയ ചോദ്യങ്ങളില്‍ ചിലതിന് ക്രോവല്‍ ഇനിയും മറുപടി നല്‍കിയിട്ടില്ലെന്നും ഇതിനായി 10 ദിവസം കൂടി അനുവദിക്കുമെന്നും സമിതി പറഞ്ഞു. മറുപടി നല്‍കാതെ വന്നാലും നല്‍കിയ മറുപടിയില്‍ സമിതി അംഗങ്ങള്‍ക്ക് തൃപ്തിയില്ലെങ്കിലും ക്രോവല്‍ വീണ്ടും ഹാജരാകേണ്ടി വരുമെന്നും സമിതി വ്യക്തമാക്കി. 

ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ മേധാവികളോടും മാര്‍ച്ച് ആറിന് മുമ്പായി ഹാജരാകാന്‍ സമിതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. 

ട്വിറ്ററുള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ ചായ്വ് പ്രകടമാണെന്നും ഇത് നിയന്ത്രിക്കുന്നതിനായി ചട്ടങ്ങള്‍ കൊണ്ടു വരുമെന്നും സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ വരെ സമൂഹ മാധ്യമങ്ങള്‍ സ്വാധീനിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com