'ശമ്പളം തന്നില്ലെങ്കില്‍ അടുത്ത മാസം മുതല്‍ വിമാനം പറത്തില്ല'; ഭീഷണിയുമായി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍

കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ഇതുമുഴുവന്‍ തന്നു തീര്‍ക്കണം എന്നാണ് പൈലറ്റുമാരുടെ ആവശ്യം
'ശമ്പളം തന്നില്ലെങ്കില്‍ അടുത്ത മാസം മുതല്‍ വിമാനം പറത്തില്ല'; ഭീഷണിയുമായി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍


ന്യൂഡല്‍ഹി; വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സില്‍ പ്രതിസന്ധി രൂക്ഷം. അതിനിടെ ശമ്പള കുടിശ്ശിഖ മാര്‍ച്ച് അവസാനത്തോടെ തന്നുതീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ പണിമുടക്കുമെന്നാണ് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ഇതുമുഴുവന്‍ തന്നു തീര്‍ക്കണം എന്നാണ് പൈലറ്റുമാരുടെ ആവശ്യം. 

അതിനിടെ ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധിയില്‍ കേന്ദ്രം ഇടപെടും. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം പറത്തില്ലെന്ന ഭീഷണിയുമായി പൈലറ്റുമാര്‍ രംഗത്തെത്തിയത്. നിലവില്‍ 41 ജെറ്റ് എയര്‍വെയിസ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ശമ്പളം ലഭിക്കാതിരിക്കുന്നതും ലഭിക്കാന്‍ വൈകുന്നതും അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക പ്രയാസം ജോലിയേയും വിമാനങ്ങളുടെ സുരക്ഷയേയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വെയ്‌സ് എന്‍ജിനിയര്‍മാരുടെ സംഘടന സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനങ്ങള്‍ സുരക്ഷിതമാണെന്നും മികച്ച സുരക്ഷ നിലവാരമുള്ളതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 

ജെറ്റ് എയര്‍വെയിസിന് ആകെ 119 വിമാനങ്ങളാണ് ഉള്ളത്. എന്നാല്‍ ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നിലവില്‍ 41 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇടയ്ക്കിടെ വിമാനങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ഉപഭോക്താക്കളും രൂക്ഷമായി പ്രതികരിച്ചിരുന്നു. വരും ആഴ്ചകളിലും പ്രതിസന്ധി കനക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുകയാണെങ്കില്‍ മുഴുവന്‍ സര്‍വീസുകളേയും അത് ബാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com