പണിമുടക്കില്‍ ബാങ്കിംഗ് മേഖല നിശ്ചലം; 16500 കോടി രൂപയുടെ ചെക്ക് ഇടപാടുകള്‍ തടസ്സപ്പെട്ടതായി ജീവനക്കാരുടെ സംഘടന

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ജീവനക്കാര്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കില്‍ ബാങ്കിംഗ് മേഖല നിശ്ചലമായി
പണിമുടക്കിയ ബാങ്ക് ജീവനക്കാര്‍ പാട്യാലയില്‍ പ്രകടനം നടത്തുന്നു/പിടിഐ
പണിമുടക്കിയ ബാങ്ക് ജീവനക്കാര്‍ പാട്യാലയില്‍ പ്രകടനം നടത്തുന്നു/പിടിഐ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ജീവനക്കാര്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കില്‍ ബാങ്കിംഗ് മേഖല നിശ്ചലമായി. പണിമുടക്കിന്റെ ആദ്യദിനം 16500 കോടി രൂപ മൂല്യമുള്ള ചെക്ക് ഇടപാടുകള്‍ തടസ്സപ്പെട്ടതായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അവകാശപ്പെട്ടു. 

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ രണ്ടുദിവസത്തെ ദേശ വ്യാപക പണിമുടക്കിനാണ് ആഹ്വാനം ചെയ്തത്. ആദ്യദിവസമായ തിങ്കളാഴ്ച 16500 കോടി മൂല്യമുള്ള ചെക്കുകളുടെ ക്ലിയറന്‍സ് തടസ്സപ്പെട്ടെന്ന് ജീവനക്കാരുടെ സംഘടനകള്‍ അവകാശപ്പെടുന്നു. പണിമുടക്ക് വിജയകരമായി മുന്നോട്ടുപോകുന്നതിന്റെ തെളിവാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു.

ഏകദേശം രണ്ടുകോടി ചെക്കുകളാണ് ക്ലിയറന്‍സിനായി കാത്തുകിടക്കുന്നത്. സര്‍ക്കാരിന്റെ ട്രഷറി പ്രവര്‍ത്തനങ്ങളെ ബാധിച്ചു. സാധാരണനിലയിലുള്ള ബാങ്കിംഗ് ഇടപാടുകളെയും പണിമുടക്ക് ബാധിച്ചതായി വെങ്കടാചലം പറഞ്ഞു.  പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ലക്ഷകണക്കിന് ജീവനക്കാരാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

 പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ജീവനക്കാരുടെ ഒന്‍പത് സംഘടനകളുടെ സംയുക്ത വേദിയായ യൂണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. നിലവില്‍ ഐഡിബിഐ ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു കഴിഞ്ഞു. 2019ല്‍ ഭൂരിഭാഗം ഓഹരികളും എല്‍ഐസിക്ക് വിറ്റാണ് ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്കരിച്ചത്. നാലുവര്‍ഷത്തിനിടെ 14 പൊതുമേഖല ബാങ്കുകളെയാണ് പരസ്പരം ലയിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com