നികുതി കുറച്ചതോടെ നിലച്ച് ഇന്ധന വില വര്‍ധന; മാറ്റമില്ലാതെ പതിനെട്ടാം ദിവസം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 12:30 PM  |  

Last Updated: 22nd November 2021 12:30 PM  |   A+A-   |  

Petrol, diesel prices static

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവു വരുത്തിയതിനു ശേഷം പതിനെട്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില. പെട്രോള്‍, ഡീസല്‍ വില കമ്പനികള്‍ക്കു പ്രതിദിനം പുനര്‍ നിര്‍ണയിക്കാമെങ്കിലും കഴിഞ്ഞ മൂന്നാഴ്ചയോളമായി നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

ദീപാവലിക്കു മുന്നോടിയായി ഈ മാസം മൂന്നിനാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ കുറവു വരുത്തിയതിനു പിന്നാലെ എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നികുതി കുറവു പ്രഖ്യാപിച്ചു. രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ  ചില കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും നികുതി കുറവു പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കില്ലെന്ന നിലപാടു സ്വീകരിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിനു ശേഷം 103.97 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. ഡീസല്‍ വില 86.67ല്‍ എത്തി. കഴിഞ്ഞ പതിനെട്ടു ദിവസമായി ഈ വില തുടരുകയാണ്.

രാജ്യാന്തര വിപണിയില്‍ വിലക്കുറവ്‌

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഉണ്ടായ കുറവിനെത്തുടര്‍ന്നാണ് കമ്പനികള്‍ പ്രതിദിന വില പുനര്‍ നിര്‍ണയത്തില്‍ മാറ്റം വരുത്താത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഘട്ടത്തില്‍ ബാരലിന് 85 ഡോളര്‍ വരെ എത്തിയ എണ്ണ വില ഇപ്പോള്‍ 79ലേക്കു താഴ്ന്നിട്ടുണ്ട്. എന്നാല്‍ ഉത്പാദന വര്‍ധന വേഗത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് എണ്ണ ഉത്പാദക രാജ്യങ്ങള്‍ തീരുമാനിച്ചതോടെ ഡിസംബറില്‍ വില ഉയരുമെന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ച നവംബര്‍ മൂന്നിനു മുമ്പുള്ള 59 ദിവസങ്ങളില്‍ 30ലും ഡീസല്‍ വില വര്‍ധിച്ചിരുന്നു. പെട്രോള്‍ വിലയിലും മിക്ക ദിവസങ്ങളിലും വര്‍ധന രേഖപ്പെടുത്തി. ജനുവരി ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് പെട്രോള്‍ വിലയില്‍ 26 രൂപയിലേറെയാണ് വര്‍ധനയുണ്ടായത്.