ആ ആറു മണിക്കൂര്‍ കൊണ്ട് സക്കര്‍ബര്‍ഗിനു നഷ്ടം 600 കോടി ഡോളര്‍!

ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം മണിക്കൂറുകളോളം മുടങ്ങിയപ്പോള്‍ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടം അറുന്നൂറു കോടി ഡോളറിലേറെ
മാര്‍ക്ക് സക്കര്‍ബര്‍ഗ്/ഫയല്‍ ചിത്രം
മാര്‍ക്ക് സക്കര്‍ബര്‍ഗ്/ഫയല്‍ ചിത്രം

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം മണിക്കൂറുകളോളം മുടങ്ങിയപ്പോള്‍ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടം അറുന്നൂറു കോടി ഡോളറിലേറെ. 4.9 ശതമാനമാണ് ഇന്നലെ ഫെയ്‌സ്ബുക്ക് ഓഹരികളില്‍ ഇടിവുണ്ടായത്. 

ഇന്നലത്തെ ഓഹരി ഇടിവോടെ സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത സ്വത്ത് 121.6 ബില്യണ്‍ ആയി താഴ്ന്നു. ഇതോടെ സ്വത്തില്‍ സക്കര്‍ബര്‍ഗ് ബില്‍ഗേറ്റ്‌സിനു താഴെയെത്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബസോസ്, ബെര്‍നാഡ് ആര്‍നോള്‍ട്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിങ്ങനെയാണ് ഇപ്പോള്‍ ലോക സമ്പന്നരുടെ നിര.

മണിക്കൂറുകളോളം സര്‍വീസ് മുടങ്ങിയ ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സര്‍വീസ് പുനസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഫെയ്‌സ്ബുക്കിന്റെയും വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടേയും പ്രവര്‍ത്തനം നിലച്ചത്.

പ്രശ്‌നം പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിക്കാനായത്. സേവനങ്ങളില്‍ തടസം നേരിട്ടതില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍?ഗ് ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു. 

കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിട്ടതിന് പിന്നിലെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയമുന്നയിക്കുന്നു. എന്നാല്‍ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെ ആപ്പുകളെല്ലാം നിശ്ചമായതോടെ ഇന്റര്‍നെറ്റ് പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്‌സാപ്പില്‍ മെസേജ് അയക്കാനാവുന്നില്ല, എഫ്ബിയില്‍ പോസ്റ്റ് ചെയ്യാനാകുന്നില്ല, ഇന്‍സ്റ്റയും ലോഡ് ആവുന്നില്ല എന്നായതോടെ നെറ്റ് ഓഫര്‍ തീര്‍ന്നതാണോ, വൈഫൈയുടെ തകരാണാണോ എന്നും പലരും സംശയിച്ചു. എന്നാല്‍ സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള എല്ലാ ആപ്പുകളും പണിമുടക്കിയതാണെന്ന് വ്യക്തമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com