പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റര്‍ വാങ്ങും; പ്രഖ്യാപനവുമായി മസ്‌ക്, കുതിച്ചുയര്‍ന്ന് ഓഹരി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th October 2022 09:53 AM  |  

Last Updated: 05th October 2022 09:53 AM  |   A+A-   |  

elon_musk_twitter

ഇലോൺ മസ്ക്/ഫയല്‍

 

സാന്‍ഫ്രാന്‍സിസ്‌കോ: പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റര്‍ വാങ്ങാന്‍ സന്നദ്ധനാണെന്ന്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഇതു കമ്പനി സ്ഥിരീകരിച്ചതോടെ ട്വിറ്ററിന്റെ ഓഹരി വില 23 ശതമാനം ഉയര്‍ന്നു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മസ്‌ക് ഇടപാടില്‍നിന്നു പിന്തിരിഞ്ഞതോടെ ട്വിറ്റര്‍ കേസുമായി കോടതിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മ്‌സ്‌ക് കത്ത് അയച്ചതെന്നാണ് സൂചന. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം മ്‌സക് അംഗീകരിച്ചിരിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകള്‍ അംഗീകരിച്ചിരുന്നു. 3.67 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളര്‍) കമ്പനി ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌ക് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ ഈ കരാര്‍ അവസാനിപ്പിച്ചതായി ജൂലൈയില്‍ പ്രഖ്യാപിക്കുകയായിരുന്നു. 

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പിന്മാറ്റം. തന്റെ ട്വീറ്റുകള്‍ക്കുള്ള മറുപടികളില്‍ 90 ശതമാനവും 'ബോട്‌സ്' ആണെന്നും മസ്‌ക് ആരോപിച്ചിരുന്നു. എന്നാല്‍ വെറും 5% അക്കൗണ്ടുകള്‍ മാത്രമാണ് ബോട്‌സുകളെന്ന നിലപാടാണു ട്വിറ്ററിന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കാറുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ