ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത: ശമ്പളം കൂടും, 17 ശതമാനത്തിന്റെ വർധന

2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളവര്‍ധന ലഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കാൻ തീരുമാനം. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ)  ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവർഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രം ഒപ്പിട്ടു. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തിൽ ശമ്പളവര്‍ധന ലഭിക്കും. 

2021-22 സാമ്പത്തികവർഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവിൽ 17 ശതമാനം വർധന വരുത്താനാണ് ധാരണ. അടിസ്ഥാന ശമ്പളത്തിൽ മൂന്നുശതമാനം വർധനയാണ് നടപ്പാക്കുക. ഇതോടൊപ്പം 1986 -നുശേഷം വിരമിച്ച എല്ലാവർക്കും പെൻഷൻ പരിഷ്കരിക്കാനും ബാങ്കുകൾ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവൻസുകളിലെയും വർധന സംബന്ധിച്ച് അന്തിമതീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ പൊതുമേഖല ബാങ്കുകൾക്കും കൂടി 12,449 കോടി രൂപയുടെ അധിക ബാധ്യതയാണ് നേരിടേണ്ടിവരിക. ക്ഷമബത്ത ആനൂകൂല്യം 2022 ഒക്ടോബർ 31ലുള്ള അടിസ്ഥാന ശമ്പളത്തോട് ലയിപ്പിച്ച ശേഷം അധികമായി മൂന്ന് ശതമാനം വർധിപ്പിച്ചാണ് പുതുക്കിയ ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത്. സമാനമായി 2022 ഒക്ടോബ‌ർ വരെയുള്ള പൊതുമേഖല ബാങ്കുകളുടെ പെൻഷൻകാർക്ക്, നിലവിലെ പെൻഷൻ തുകയോടൊപ്പം പ്രതിമാസം ഒരു അധിക ആനുകൂല്യം കൂടി നൽകാനും ധാരണയായി. അധിക ആനുകൂല്യം എത്ര തുകയെന്നത് സംബന്ധിച്ച് ഇനിയും തീരുമാനമാകേണ്ടതുണ്ട്.

ശമ്പള വർധനവുമായി ബന്ധപ്പെട്ട കരാറിൽ ബാങ്ക് ജീവനക്കാരുടെ പ്രവർത്തിസമയം ആഴ്ചയിൽ അ‍ഞ്ച് ദിവസമായി ചുരുക്കാനും ശുപാർശയുണ്ട്. ഞായറാഴ്ചയ്ക്കൊപ്പം എല്ലാ ശനിയാഴ്ചകളിലും അവധി നൽകാനാണ് ശുപാർശ. കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com