ലോകം മുഴുവന്‍ ചൈനയുടെ ഇലക്ട്രിക് കാറുകള്‍ നിറയുമോ?; അമേരിക്കയുമായുള്ള പുതിയ വ്യാപാര യുദ്ധത്തിനുള്ള കാരണമെന്ത്?

ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും ഗ്രീന്‍ സാങ്കേതികവിദ്യയുമാണ് ചൈനയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര യുദ്ധത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്
ബിവൈഡി ഇലക്ട്രിക് എസ് യുവി പുറത്തിറക്കിയത് 14000 ഡോളറിന്
ബിവൈഡി ഇലക്ട്രിക് എസ് യുവി പുറത്തിറക്കിയത് 14000 ഡോളറിന്IMAGE CREDIT:BYD

ന്യൂയോര്‍ക്ക്: ഇലക്ട്രിക് കാറുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും ഗ്രീന്‍ സാങ്കേതികവിദ്യയുമാണ് ചൈനയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര യുദ്ധത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്ക ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനങ്ങളും സോളാര്‍ പാനലുകളും ഇലക്ട്രിക് ബാറ്ററികളും വിദേശ വിപണിയില്‍ എത്തിക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടുണ്ട്. നിയമനിര്‍മ്മാണത്തിലൂടെ ബന്ധപ്പെട്ട വ്യവസായശാലകള്‍ക്ക് പിന്തുണ നല്‍കി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ബൈഡന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. അതിനിടെ സമാനമായ നിലയില്‍ കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അടക്കം വിദേശവിപണിയില്‍ എത്തിക്കാനാണ് ചൈന ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അമേരിക്ക പോലെ തന്നെ യൂറോപ്പും മെക്‌സിക്കോയും സമാനമായ ആശങ്കയിലാണ്. പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കയറ്റുമതി വര്‍ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിച്ച് ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് കാര്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ വിപണിയില്‍ എത്തുന്നതോടെ, തദ്ദേശീയ കമ്പനികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നാണ് യൂറോപ്പും മെക്‌സിക്കോയും കരുതുന്നത്.

അടുത്തിടെ കുറഞ്ഞ വിലയായ 14,000 ഡോളറിനാണ് ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ബിവൈഡി ഇലക്ട്രിക് എസ് യുവി പുറത്തിറക്കിയത്. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തിക്കുന്നത് അമേരിക്കന്‍ കാര്‍നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ ചൈനയില്‍ നിന്നുള്ള കാര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിന് അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയ്ക്ക് മെക്‌സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാറുണ്ട്. ഇത് പ്രയോജനപ്പെടുത്തി മെക്‌സിക്കോ വഴി അമേരിക്കയില്‍ ഇലക്ട്രിക് കാറുകള്‍ എത്തിക്കാനാണ് ചൈനയുടെ നീക്കമെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. അധികാരത്തില്‍ വന്നാല്‍ ഇത്തരത്തില്‍ മെക്‌സിക്കോ വഴിയുള്ള ഇറക്കുമതി തടയുമെന്നും ട്രംപ് വാഗ്ദാനം നല്‍കുന്നു. എന്നാല്‍ ബൈഡന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ കാര്‍ വിപണിയുടെ നാശമായിരിക്കും കാണാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇലക്ട്രിക് കാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് വലിയ തോതിലാണ് ചൈന സബ്‌സിഡി നല്‍കുന്നത്. നിലവില്‍ ആഗോള ഇലക്ട്രിക് വാഹന വില്‍പ്പനയുടെ 60 ശതമാനവും കൈയാളുന്നത് ചൈനയാണ്.പ്രതിവര്‍ഷം ഒരു കോടിയിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ചൈന ഉല്‍പ്പാദിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ചൈനയ്ക്ക് വിദേശ വിപണിയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നതിന് ഇത് കരുത്തുപകരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മറ്റു ഗ്രീന്‍ സാങ്കേതികവിദ്യകളുടെ കാര്യത്തിലും സമാനമായ നടപടികളാണ് ചൈന സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബിവൈഡി ഇലക്ട്രിക് എസ് യുവി പുറത്തിറക്കിയത് 14000 ഡോളറിന്
കടുത്ത പോരില്‍ മസ്‌ക്കിനെ മറികടന്ന് സക്കര്‍ബര്‍ഗ്, മൂന്നാമത്തെ സമ്പന്നന്‍; 2020ന് ശേഷം ആദ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com