കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്ക് ഹാജരാക്കിയില്ല; 25 സ്ഥാനാർത്ഥികൾക്ക് വിലക്ക്

പ്രമുഖ സ്ഥാനാർത്ഥികളുടെ വഴി മുടക്കാൻ കാത്തുനിൽക്കുന്ന അപരൻമാർക്ക് തിരിച്ചടി
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്ക് ഹാജരാക്കിയില്ല; 25 സ്ഥാനാർത്ഥികൾക്ക് വിലക്ക്

തൃശൂർ: പ്രമുഖ സ്ഥാനാർത്ഥികളുടെ വഴി മുടക്കാൻ കാത്തുനിൽക്കുന്ന അപരൻമാർക്ക് തിരിച്ചടി. 2014ലെ തെരഞ്ഞെടുപ്പിൽ ചെലവാക്കിയ തുകയുടെ കണക്ക് ഹാജരാക്കാത്ത 25 പേരെ ഇത്തവണ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊല്ലം മണ്ഡലത്തിലെ രണ്ട് പ്രേമചന്ദ്രന്മാർ, ആലത്തൂരിൽ രണ്ട് ബിജുമാർ എന്നിവർ അയോഗ്യരാക്കപ്പെട്ടവരിൽപ്പെടുന്നു. സെലീന പ്രക്കാനം ഉൾപ്പെടെ സ്വതന്ത്ര സ്ഥാനാർഥികൾക്കും അയോഗ്യതയുണ്ട്.

തെരഞ്ഞെടുപ്പ് പൂർത്തിയായാൽ 30 ദിവസത്തിനകം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമ്മീഷനു കണക്കു സമർപ്പിക്കണമെന്നാണ് ചട്ടം. ഈ സമയപരിധി കഴിഞ്ഞാൽ തക്കതായ കാരണം കാട്ടി മാപ്പപേക്ഷ സഹിതം കണക്ക് സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം നീട്ടിക്കിട്ടും. എന്നിട്ടും സമർപ്പിക്കാത്തവരെയാണ് അയോഗ്യരാക്കിയത്. ഇടുക്കിയിലാണ് ഏറ്റവുമധികം അയോഗ്യർ‌  അഞ്ച് പേർ. കൊല്ലത്തു വീണ്ടും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രനെതിരെ കഴിഞ്ഞ വട്ടം മത്സരിച്ച ആർ പ്രേമചന്ദ്രൻ, വിഎസ് പ്രേമചന്ദ്രൻ എന്നിവരും ഇത്തവണ അയോഗ്യരാക്കപ്പെട്ടു.

പാലക്കാട്ട് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷിനെതിരെ കഴിഞ്ഞവട്ടം മത്സരിച്ച അപരൻ എസ് രാജേഷും അയോഗ്യനായി. ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ബിജുവിനെതിരെ മത്സരിച്ച എ ബിജു, കെ  ബിജു എന്നിവരും ഇത്തവണയില്ല. തിരുവനന്തപുരത്തു കഴിഞ്ഞവട്ടം മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ബെന്നറ്റ് ഏബ്രഹാമിനെതിരെ ബെന്നറ്റ് ബാബു ബെഞ്ചമിൻ എന്ന അപരൻ രംഗത്തെത്തിയിരുന്നു. കക്ഷിയെയും കമ്മീഷൻ അയോഗ്യനാക്കി.

നിയമത്തിലെ സെക്‌ഷൻ 10എയിൽ ആണ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ചെലവ് ബോധ്യപ്പെടുത്തണമെന്ന ചട്ടം ഉൾപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പൂർത്തിയായാൽ 30 ദിവസത്തിനകം കണക്ക് ഹാജരാക്കാത‍ിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കും. കമ്മീഷന്റെ ഉത്തരവിറങ്ങിയ ദിവസം മുതൽ മൂന്ന് വർഷത്തേക്കാണ് അയോഗ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com