നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, പക്ഷേ രാജിവയ്ക്കാതെ വേറെ വഴിയില്ല; വൈറലായി അധ്യാപികയുടെ കുറിപ്പ്

പെട്ടെന്നുള്ള തീരുമാനമായതിനാല്‍ കുട്ടികള്‍ക്കുള്ള ആശംസയും പോകുന്ന കാര്യവും ബോര്‍ഡിലാണ് ടിറാദോ കുറിച്ചത്. വൈറലായി മാറിയ ആ കുറിപ്പ് ഇങ്ങനെ
നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു, പക്ഷേ രാജിവയ്ക്കാതെ വേറെ വഴിയില്ല; വൈറലായി അധ്യാപികയുടെ കുറിപ്പ്

ഫ്‌ളോറിഡയിലെ ഒര്‍മോണ്ട് ബീച്ച് മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന ഡെയ്ന്‍ ടിറാദോ കുട്ടികള്‍ക്കായെഴുതിയ കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയ കുട്ടികള്‍ക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ ടിറാദോയുടെ നടപടിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ രംഗത്ത് വന്നിരുന്നു. സ്‌കൂളിന്റെ 'നോ സീറോ ' പോളിസിയോട് യോജിക്കാനാവുന്നില്ലെന്നും പറഞ്ഞ് ടിറാദോ രാജി വയ്ക്കുകയും ചെയ്തു. പെട്ടെന്നുള്ള തീരുമാനമായതിനാല്‍ കുട്ടികള്‍ക്കുള്ള ആശംസയും പോകുന്ന കാര്യവും ബോര്‍ഡിലാണ് ടിറാദോ കുറിച്ചത്. വൈറലായി മാറിയ ആ കുറിപ്പ് ഇങ്ങനെയാണ്..
 

'കുട്ടികളേ, നിങ്ങളോടെനിക്ക് സ്‌നേഹമാണ്. ജീവിതത്തില്‍ എല്ലാ നന്‍മകളും ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നു. ഹോം വര്‍ക്ക് ചെയ്യാതെ വന്ന നിങ്ങള്‍ക്ക് പൂജ്യം മാര്‍ക്കിട്ടതിന് സ്‌കൂള്‍ അധികൃതര്‍ എന്നെ താക്കീത് ചെയ്തിരുന്നു. അര്‍ഹതയില്ലാത്ത മാര്‍ക്ക് നിങ്ങള്‍ക്ക് തരുന്നതിന് മനസില്ലാത്തതിനാല്‍ ഇവിടെ നിന്നും പോവുകയാണ്. സ്‌നേഹം' എന്നായിരുന്നു  ടിറാദോ കുട്ടികള്‍ക്കെഴുതിയ കത്തില്‍ കുറിച്ചത്. 

കുട്ടികള്‍ക്ക് പൂജ്യം മാര്‍ക്ക് നല്‍കിയതിന് പ്രിന്‍സിപ്പല്‍ വിളിപ്പിക്കുകയായിരുന്നുവെന്നാണ് ടിറാദോ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. സ്‌കൂള്‍ പിന്തുടരുന്നത് നോ സീറോ നയമാണെന്നും കുട്ടികളുടെ മാതാപിതാക്കളും ഇതാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. ഈ സിസ്റ്റത്തോട് യോജിക്കാന്‍ കഴിയാത്തതിനാലാണ് രാജിവയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

ഇത്തരത്തിലുള്ള നിലപാടുകള്‍ കുട്ടികളെ സാഹചര്യങ്ങളോട് പൊരുതി ജീവിക്കാന്‍ ഗുണം ചെയ്യില്ലെന്നും വളര്‍ന്നുവരുന്ന തലമുറയോട് ചെയ്യുന്ന ദ്രോഹമാണിതെന്നും അവര്‍ പറയുന്നു. തോല്‍വികളെ പരിചയിക്കാനും അവയില്‍ നിന്ന് പഠിക്കാനുമുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. ടിറാദോയെ ശകാരിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com