കുട്ടിയാന വെള്ളച്ചാട്ടത്തില്‍പ്പെട്ടു, രക്ഷിക്കാന്‍ ഇറങ്ങിയ പതിനൊന്ന് ആനകളും മരണത്തിന് കീഴടങ്ങി; കൂട്ടമരണം താങ്ങാനാവാതെ കാട്ടാനക്കൂട്ടം

കുട്ടിയാനയെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയ ആനകള്‍ ഒഴുക്കില്‍പ്പെടുകയും പരസ്പരം രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു
കുട്ടിയാന വെള്ളച്ചാട്ടത്തില്‍പ്പെട്ടു, രക്ഷിക്കാന്‍ ഇറങ്ങിയ പതിനൊന്ന് ആനകളും മരണത്തിന് കീഴടങ്ങി; കൂട്ടമരണം താങ്ങാനാവാതെ കാട്ടാനക്കൂട്ടം

വെള്ളച്ചാട്ടത്തില്‍പ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനൊന്ന് ആനകള്‍ക്ക് കൂട്ടമരണം. തായ്‌ലന്‍ഡിലെ ഖാവോ യായ്  ദേശീയ പാര്‍ക്കിലെ ഹ്യൂ നാരോക് അഥവാ നരകത്തിലേക്കുള്ള വെള്ളച്ചാട്ടം എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളച്ചാട്ടത്തിലാണ് ദുരന്തമുണ്ടായത്. കാട്ടാനക്കൂട്ടത്തിലെ 3 വയസ്സു പ്രായമുള്ള കുട്ടിയാന വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയാനയെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയ ആനകള്‍ ഒഴുക്കില്‍പ്പെടുകയും പരസ്പരം രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

പതിനൊന്ന് ആനകളും പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള കുത്തൊഴിക്കില്‍ കുടുങ്ങിപ്പോയി. ആനകളുടെ കൂട്ട നിലവിളി കേട്ട് വനപാലകര്‍ എത്തിയപ്പോഴേക്കും ആറെണ്ണവും ഒഴുക്കില്‍ പെട്ട് വെള്ളച്ചാട്ടത്തിലേക്ക് പതിച്ചിരുന്നു. മറ്റ് രണ്ട് ആനകള്‍ കൂടി ഒഴുക്കില്‍ പെട്ടു പോയെങ്കിലും വനപാലകര്‍ ഇവയെ വടമിട്ടു രക്ഷപ്പെടുത്തുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം ആറ് ആനകളുടെ മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പിന്നീട് അഞ്ച് ആനകളുടെ മൃതദേഹംകൂടി കണ്ടെത്തുകയായിരുന്നു. ഇത്രയും ആനകള്‍ കൂട്ടത്തോടെ മരിക്കുന്നത് ആദ്യമായിട്ടാണ്. 

ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ഒരു കൂട്ടം ആനകള്‍ ചേര്‍ന്ന് റോഡ് തടസ്സപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വെള്ളച്ചാട്ടത്തില്‍ പെട്ട ആനകളുടെ കൂട്ടത്തിലുണ്ടായിരുന്നതാകാം ഈ ആനക്കൂട്ടമെന്നാണു കരുതുന്നത്. ഈ ആനകളെ നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്ന് മറ്റ് ആനകളുടെ കരച്ചില്‍ കേട്ടതും അധികൃതര്‍ ഇവിടേക്കെത്തിയതും.

ആനകളുടെ മരണം ആനക്കൂട്ടത്തെ സാരമായി  ബാധിച്ചേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂട്ടത്തില്‍ ഒരാനയുടെ ജീവന്‍ നഷ്ടപ്പെടുന്നതു പോലും സാധാരണ ഇവര്‍ക്ക് സഹിക്കാനാവില്ല. ഈ ദുഃഖത്തില്‍ ആനക്കൂട്ടം ദിവസങ്ങളോളം കണ്ണീരൊഴുക്കുകയും ചിലപ്പോള്‍ പട്ടിണി കിടക്കുകയും ചെയ്യും. അതിനാല്‍ കൂട്ടമരണം അവയെ തളര്‍ത്തുമെന്നാണ് വിലയിരുത്തുന്നത്. വനപാലകര്‍ രക്ഷിച്ച രണ്ട് ആനകള്‍ ഇപ്പോഴും വെള്ളച്ചാട്ടത്തിന്റെ പരിസരത്തു നിന്ന് നീങ്ങാന്‍ തയാറായിട്ടില്ല. ജീവനറ്റ ആനകളുടെ മൃതശരീരങ്ങള്‍ വെള്ളച്ചാട്ടത്തിനു താഴെ നിന്ന് ഉടന്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഈ വെള്ളച്ചാട്ടത്തില്‍ ഇതിന് മുന്‍പും ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1992 ല്‍ എട്ട് ആനകളാണ് സമാനമായ സാഹചര്യത്തില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com