ഫേസ്ബുക്കില്‍ വീണ്ടും കവിതാ മോഷണ വിവാദം; 'ആശ്വസിപ്പിച്ച് ' സച്ചിദാനന്ദന്റെ മറുകവിത

മോഷ്ടിക്കുക മാത്രമല്ല, മോഷ്ടിക്കപ്പെട്ടവരെ കള്ളനാക്കുക കൂടിയാണ് ചെയ്യുന്നതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നുമായിരുന്നു ആദില്‍ എഴുതിയത്. 
ഫേസ്ബുക്കില്‍ വീണ്ടും കവിതാ മോഷണ വിവാദം; 'ആശ്വസിപ്പിച്ച് ' സച്ചിദാനന്ദന്റെ മറുകവിത

ഫേസ്ബുക്കില്‍ വീണ്ടും കവിതാ മോഷണ വിവാദം കൊഴുക്കുന്നു.  അച്ചടിച്ച് വന്നാലും കവിതയ്ക്ക് രക്ഷയില്ലെന്ന തലക്കെട്ടില്‍ യുവകവി ആദില്‍ മഠത്തിലാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ' 18 നിഴലുകള്‍' എന്ന കവിതയുടെ ഇമോജറിയും ഘടനയും ആത്മാവുമെല്ലാം ഉപയോഗിച്ച് മറ്റൊരാള്‍ കവിതെയെഴുതിയെന്നും ഇത് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വേദനയുണ്ടായെന്നും ആദില്‍ പറയുന്നു. പിന്നീട് നടത്തിയ നിരീക്ഷണത്തില്‍ ഇവര്‍ എല്ലാവരുടെയും ശൈലികള്‍ പകര്‍ത്തുന്നതായി തോന്നിയെന്നാണ് ആദില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മോഷ്ടിക്കുക മാത്രമല്ല, മോഷ്ടിക്കപ്പെട്ടവരെ കള്ളനാക്കുക കൂടിയാണ് ചെയ്യുന്നതെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നുമായിരുന്നു ആദില്‍ എഴുതിയത്. 

ആദിലിന്റെ വാദങ്ങള്‍ നിഷേധിച്ചു കൊണ്ട് ആരോപണ വിധേയയായ കവിയും ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഇതിന് പിന്നാലെയാണ് ആദിലിനെ പിന്തുണച്ച് കൊണ്ട് സച്ചിദാനന്ദന്റെ ചെറു കവിതയും എത്തിയിരിക്കുന്നത്. 'ആഹ്ലാദം' ( ആദിലിന്) എന്ന തലക്കെട്ടിലാണ് കവിത. ഇതിന് പകര്‍പ്പവകാശം ഇല്ലെന്നും ആര്‍ക്കും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

സച്ചിദാനന്ദന്റെ കവിത ഇങ്ങനെ

ലേന്ന് എഴുതിയ കവിത രാവിലെ
ഒരു മിനുക്കുപണി കൂടി നടത്തി 
മേശപ്പുറത്തു വെച്ച് അവന്‍ ഒന്ന് നടക്കാന്‍ പോയി
തിരിച്ചു വന്നപ്പോള്‍ കവിതയിലെ ബിംബങ്ങളെല്ലാം 
അപ്രത്യക്ഷമായിരുന്നു. 
'കാറ്റു കൊണ്ടുപോയതാവും', അവന്‍ കരുതി.
കുളി കഴിഞ്ഞു വന്നപ്പോള്‍ 
ചില വരികള്‍ തന്നെ കാണാനില്ലായിരുന്നു.
' മഴ മായ്ച്ചു കളഞ്ഞതാവും,' അവന്‍ ആശ്വസിച്ചു 
ജോലി കഴിഞ്ഞെത്തിയപ്പോള്‍ 
അതിനു സ്വരമില്ലാതായിരുന്നു.
'സംസാരിച്ചു സംസാരിച്ച് ഒച്ച 
അടഞ്ഞതാവും' അവന്‍ സമാധാനിച്ചു.
ഉറങ്ങിയെണീറ്റപ്പോള്‍ അല്‍പ്പം ചില്ലക്ഷരങ്ങള്‍ 
മാത്രം കടലാസ്സില്‍ ബാക്കിയുണ്ട്.
അവന്‍ മുറികളിലും മുറ്റത്തും 
വെറുതെ തിരഞ്ഞു നടന്നു.
തിരിച്ചു വന്നു ലാപ്‌ടോപ് തുറന്നപ്പോള്‍ 
അതാ കിടക്കുന്നു കാണാതായ കവിത,
ഒരു ചങ്ങാതിയുടെ ബ്ലോഗില്‍. 
ശീര്‍ഷകവും കവിയുടെ പേരും
മാത്രം മാറിയിരുന്നു.
ഒരു പാട് പേര്‍ ലൈക്കുകളും 
ആശംസകളും പൂച്ചെണ്ടുകളും നല്‍കിയിരുന്നു
ഇത്ര നല്ല കവിത അടുത്ത കാലത്തൊന്നും 
വായിച്ചിട്ടില്ലെന്നു വരെ ചിലര്‍ എഴുതിയിരുന്നു 
ആദ്യം അവന്‍ അമ്പരന്നു, പിന്നെ സന്തോഷത്തോടെ 
അവനും നല്‍കി, ഒരു ചുകന്ന പ്രണയചിന്ഹം.

അതേസമയം കവിതാ മോഷണമല്ല, സ്വാധീനമാണ് ഉണ്ടായിട്ടുള്ളതെന്നും ബിംബങ്ങളും വാക്കുകളുമെല്ലാം കടംകൊള്ളുന്നത് പലപ്പോഴും വന്ന് പോകുന്നതാണെന്നും വാദമുയരുന്നുണ്ട്. മോഷണ ആരോപണമൊക്കെ ഗൗരവമുള്ള ഉത്തരവാദിത്തം ആവശ്യപ്പെടുന്ന പ്രവര്‍ത്തിയാണെന്നും വാദത്തില്‍ കഴമ്പില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com