പ്രണയങ്ങള്‍ക്ക് ഡബിള്‍ ബെല്ല് കൊടുത്ത് കെഎസ്ആര്‍ടിസിയുടെ 'കല്ല്യാണവണ്ടി'; ഈ വണ്ടിയിലെ ഏഴു കണ്ടക്ടര്‍മാര്‍ക്ക് ജീവിതസഖിയായത് യാത്രക്കാരികള്‍ 

പ്രണയങ്ങള്‍ക്ക് ഡബിള്‍ ബെല്ല് കൊടുത്ത് കെഎസ്ആര്‍ടിസിയുടെ 'കല്ല്യാണവണ്ടി'; ഈ വണ്ടിയിലെ ഏഴു കണ്ടക്ടര്‍മാര്‍ക്ക് ജീവിതസഖിയായത് യാത്രക്കാരികള്‍ 

മൂന്നാര്‍ ഡിപ്പോയില്‍ ഒട്ടേറെ പ്രണയങ്ങള്‍ക്ക് ഡബിള്‍ ബെല്ല് കൊടുത്ത കെഎസ്ആര്‍ടിസി ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചതാണ് നാട്ടുകാരെ സന്തോഷിപ്പിക്കുന്നത്

ഇടുക്കി: എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന മൂന്നാല്‍ കുയിലിമല സര്‍വീസ് പുനരാരംഭിച്ചു. പറഞ്ഞു വരുന്നത് ഈ സര്‍വീസ് പുനരാരംഭിച്ചത് മൂലം യാത്രാക്ലേശം പരിഹരിക്കപ്പെട്ട കാര്യമല്ല. ഈ ബസ് സര്‍വീസിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ നാട്ടുകാരുടെ മനസിലേക്ക് ഓടിവരുന്ന കാര്യങ്ങളാണ്.

മൂന്നാര്‍ ഡിപ്പോയില്‍ ഒട്ടേറെ പ്രണയങ്ങള്‍ക്ക് ഡബിള്‍ ബെല്ല് കൊടുത്ത കെഎസ്ആര്‍ടിസി ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചതാണ് നാട്ടുകാരെ സന്തോഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ ലോകവും ഇപ്പോള്‍ ഈ യാത്രയുടെ ഓര്‍മ്മകള്‍ക്ക് പിന്നാലെയാണ്. ബസില്‍ ജോലിക്കെത്തിയ എഴു കണ്ടക്ടര്‍മാര്‍ ജീവിത സഖികളെ കണ്ടെത്തിയത് ഈ ബസിനുള്ളില്‍ നിന്നാണ്.ഇത് പലകുറി ആവര്‍ത്തിച്ചതോടെ ബസിന് നാട്ടുകാര്‍ പേരുമിട്ടു. 'കല്യാണ വണ്ടി'.  

ഈ ബസില്‍ പലപ്പോഴായി കണ്ടക്ടര്‍മാരായി വന്ന എഴുപേര്‍ തങ്ങളുടെ ജീവിതസഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരില്‍ നിന്നായപ്പോള്‍ നാട്ടുകാര്‍ ഇട്ട പേരാണ് കല്ല്യാണവണ്ടി. 2002 ലാണ് മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ഇടുക്കി കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്. 16 വര്‍ഷം മുന്‍പ് ആയിരുന്നു ബസിലെ ആദ്യത്തെ പ്രണയവും കല്യാണവും. ബസിലെ കണ്ടക്ടറായി വന്ന മൂവാറ്റുപുഴ സ്വദേശി രാജു ബസില്‍ സ്ഥിരമായി യാത്രചെയ്തിരുന്ന മുരിക്കാശ്ശേരി പാവനാത്മാ കോളജിലെ വിദ്യാര്‍ഥിനി സിജിയുമായി പ്രണയത്തിലായി. വിവാഹത്തിലെത്തി ഈ പ്രണയം. 

ഈ ബസില്‍ നിന്ന് രണ്ടാമത്തെ ജീവിതസഖിയെ കണ്ടെത്തുന്നത് നോര്‍ത്ത് പറവൂരുകാരന്‍ ഉമേഷാണ്. ചിന്നാറില്‍ നിന്ന് അടിമാലിയില്‍ പഠിക്കാന്‍ പോയിരുന്ന ചിത്ര ഈ ബസിലെ യാത്രക്കാരിയായിരുന്നു. ആ കണ്ടുമുട്ടല്‍ പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലുമെത്തി.  
തടിയമ്പാട് കര്‍ഷക ക്ഷേമനിധി ഓഫിസിലെ ജീവനക്കാരിയായിരുന്നു ഷെമീറ. ബസിലെ കണ്ടക്ടറായിരുന്ന രാജേഷുമായി പ്രണയത്തിലായി. മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു ഇവരുടെ പ്രണയം. രണ്ടു സമുദായത്തില്‍ പെട്ടവരായിരുന്നതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തു. ഒടുവില്‍ 2012 ജനുവരി 19ന് ഷെമീറയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് രജിസ്റ്റര്‍ ചെയ്തു. 

കല്ലാര്‍കുട്ടിക്കു സമീപം അഞ്ചാംമൈലില്‍ നിന്ന് 11 പെണ്‍കുട്ടികള്‍ മുരിക്കാശ്ശേരി പാവനാത്മാ കോളജിലേക്ക് ബസില്‍ കയറുമായിരുന്നു. എല്ലാവരുടെയും ടിക്കറ്റുകള്‍ രേഷ്മ എന്ന കുട്ടിയാണ് എടുത്തിരുന്നത്. കൗതുകത്തിന് രേഷ്മയുമായി കണ്ടക്ടര്‍ സിജോമോന്‍ സംസാരം തുടങ്ങി. ഇതു പ്രണയമായി. വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് 4 വര്‍ഷത്തിനു ശേഷം വിവാഹിതരായി.  

മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെ ആയിരുന്നു. തോക്കുപാറയില്‍ നിന്ന് ബസില്‍ കയറി അടിമാലിയില്‍ ഇറങ്ങുന്ന ആതിര. 2015 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 2 കണ്ടക്ടര്‍മാര്‍ കൂടിയുണ്ട് ഇതേ ബസില്‍ കണ്ടുമുട്ടി വിവാഹ ജീവിതത്തിലേക്ക് കടന്നവരില്‍.   ഇതില്‍ ശ്രീജിത്തും രാജേഷും സിജോമോനും എംപാനല്‍ കണ്ടക്ടര്‍മാര്‍ ആയിരുന്നു. 11 വര്‍ഷം പൂര്‍ത്തിയാക്കിയ ഇവരും പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാരുടെ പട്ടികയില്‍ പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com