കൃത്യസമയത്ത് ആഹാരം, മടിപിടിച്ചിരുന്നാല്‍ ആരും ചീത്ത പറയില്ല: ജയിലില്‍ തിരിച്ചെത്താന്‍ വീണ്ടും മോഷണം

ബൈക്ക് മോഷ്ടിച്ച ജ്ഞാനപ്രകാശം പൊലീസിനെ കാത്ത് പല സ്ഥലങ്ങളിലായി നിന്നു.
കൃത്യസമയത്ത് ആഹാരം, മടിപിടിച്ചിരുന്നാല്‍ ആരും ചീത്ത പറയില്ല: ജയിലില്‍ തിരിച്ചെത്താന്‍ വീണ്ടും മോഷണം

യിലിലെ മോശം സാഹചര്യങ്ങളും സ്വാതന്ത്യമില്ലായ്മയും മടുത്ത് നിരവധി പ്രതികള്‍ ജയില്‍ ചാടാറുണ്ട്. എന്നാല്‍ ശിക്ഷ കഴിഞ്ഞ് വീണ്ടും ജയിലിലേക്ക് പോകാന്‍ മോഷണം നടത്തുന്ന പ്രതിയെ കണ്ട് പൊലീസുകാര്‍ വരെ അമ്പരന്നിരിക്കുകയയാണ്. തമിഴ്‌നാട്ടിലാണു സംഭവം. 

ജാമ്യത്തിലിറങ്ങിയ 52 കാരന്‍ ജ്ഞാനപ്രകാശമാണ് ജയിലില്‍ തിരിച്ചെത്താന്‍ മോഷണം നടത്തിയത്. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ ഭാര്യയും മക്കളും വഴക്കു പറയാന്‍ തുടങ്ങിയതോടെ ജയിലിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു ഇയാള്‍. ഇതിനായി ഒരു മോഷണവും നടത്തി.

ബൈക്ക് മോഷ്ടിച്ച ജ്ഞാനപ്രകാശം പൊലീസിനെ കാത്ത് പല സ്ഥലങ്ങളിലായി നിന്നു. സിസിടിവിയില്‍ വ്യക്തമായി പതിയാന്‍ മുഖത്ത് മൊബൈലിന്റെ ഫ്‌ലാഷ് അടിച്ചാണു മോഷണം നടത്തിയത്. ഒടുവില്‍ മറ്റൊരു ബൈക്കില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുമ്പോള്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ജയിലിലെ ജീവിതം രസകരമായിരുന്നു എന്ന് ജ്ഞാനപ്രകാശം പൊലീസിനോടു പറഞ്ഞതായി തംബാരം അസിസ്റ്റന്റ് കമ്മിഷണര്‍ പി അശോകന്‍ പറയുന്നു. ''വീട്ടില്‍ സന്തോഷം ഉണ്ടായിരുന്നില്ല. അവര്‍ തന്നെ നന്നായി നോക്കുന്നില്ല. ജയിലില്‍ കൃത്യസമയത്ത് നല്ല ആഹാരം ലഭിക്കും. അവിടെ തനിക്കു സുഹൃത്തുക്കളുണ്ട്. മടി പിടിച്ചിരുന്നാല്‍ ആരും ചീത്ത പറയില്ല''- ജ്ഞാനപ്രകാശം പറയുന്നു. 

ഒരു മോഷണക്കേസില്‍ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശം ആദ്യമായി അറസ്റ്റിലാകുന്നത്. മൂന്നുമാസത്തെ ജയില്‍ ജീവിതത്തിനുശേഷം ജൂണ്‍ 29ന് പുറത്തിറങ്ങി. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ക്ക് ജയില്‍ ജീവിതം രസകരമായി തോന്നുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com