പൊലീസിന് നല്‍കിയ പരാതി ഫലിച്ചു, ആബിറിനും അനുജനും സൈക്കിള്‍ തിരിച്ചുകിട്ടി; സന്തോഷത്തില്‍ കുരുന്നുകള്‍

പൊലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നെങ്കിലും തങ്ങളുടെ സൈക്കിള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആബിറും അനുജന്‍ ഷാഹിദും
പൊലീസിന് നല്‍കിയ പരാതി ഫലിച്ചു, ആബിറിനും അനുജനും സൈക്കിള്‍ തിരിച്ചുകിട്ടി; സന്തോഷത്തില്‍ കുരുന്നുകള്‍

കോഴിക്കോട്; നോട്ട്ബുക്കിലെ കടലാസില്‍ എഴുതിക്കൊടുത്ത പത്ത് വയസുകാരന്റെ പരാതി ഫലിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ആബിറിന് സൈക്കിള്‍ തിരികെ ലഭിച്ചു. നന്നാക്കാന്‍ കൊടുത്ത സൈക്കിള്‍ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട്  എളമ്പിലാട് യു പി സ്‌കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിര്‍ പൊലീസിന് പരാതി നല്‍കിയത്. പൊലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നെങ്കിലും തങ്ങളുടെ സൈക്കിള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആബിറും അനുജന്‍ ഷാഹിദും. 

സ്‌കൂളിന് അടുത്തായി സൈക്കിള്‍ കട നടത്തുന്ന ബാലകൃഷ്ണനില്‍ നിന്ന് സൈക്കിള്‍ വാങ്ങിത്തരണം എന്ന്് ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ആബിര്‍ പരാതി നല്‍കിയത്. നോട്ട്ബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ വളരെ വ്യക്തമായിട്ടായിരുന്നു പരാതി എഴുതിയിരുന്നത്. പരാതി കണ്ട് പൊലീസുകാര്‍ അമ്പരന്നെങ്കിലും കുട്ടിക്കളിയല്ല എന്ന് മനസിലാക്കിയതോടെ നടപടി എടുക്കുകയായിരുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് തന്റെയും അനുജന്റേയും സൈക്കിള്‍ ബാലകൃഷ്ണന്റെ കടയില്‍ നന്നാക്കാന്‍ കൊണ്ടുപോയത്. 200 രൂപ മുന്‍കൂറായി വാങ്ങിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ശരിയാക്കിത്തരാമെന്നും പറഞ്ഞു. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും സൈക്കിള്‍ കിട്ടാതായതോടെ ഫോണ്‍വഴിയും നേരിട്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ അമ്മയോടും ഗള്‍ഫിലുള്ള അച്ഛനോടും ചെറിയച്ഛനോടുമെല്ലാം പ്രശ്‌നം അവതരിപ്പിച്ചെങ്കിലും കാര്യമാക്കിയെടുത്തില്ല. അവസാനമാണ് പൊലീസിന്റെ സഹായം തേടിയത്. 

മേപ്പയൂര്‍ പൊലീസ് പ്രതീക്ഷ തെറ്റിച്ചില്ല. പരാതി കിട്ടിയ ഉടന്‍ ആബിറിനെയും കൂട്ടി ബലകൃഷ്ണനെ കണ്ട് സംഗതി തിരക്കി. വ്യാഴാഴ്ചയ്ക്കകം സൈക്കിള്‍ നന്നാക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ബാലകൃഷ്ണനാകട്ടെ ഒരു ദിവസം നേരത്തെ  പൊലീസ് നിര്‍ദ്ദേശം നടപ്പാക്കുകയും ചെയ്തു. തിരികെ ലഭിക്കില്ലെന്ന് കരുതിയ സൈക്കിള്‍ പൊരുതി നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇരുവരും. വടകര ഡിവൈഎസ്പി അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ ആബിറിനെ ആദരിക്കാനായി സ്‌കൂളിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com