കുഴിയില്‍വെച്ച ശവപ്പെട്ടിയില്‍ നിന്ന് നിലവിളി, തുറന്നുവിടൂ എന്ന് അലര്‍ച്ച; ആദ്യം ഞെട്ടല്‍, പിന്നെ പൊട്ടിച്ചിരി; വിഡിയോ

മൃതദേഹം അടങ്ങിയ ശവപ്പെട്ടി കല്ലറയില്‍ എടുത്തുവെച്ചതോടെ എല്ലാവരേയും ഞെട്ടിച്ച് അതില്‍ നിന്ന് നിലവിളി ശബ്ദം ഉയര്‍ന്നു
കുഴിയില്‍വെച്ച ശവപ്പെട്ടിയില്‍ നിന്ന് നിലവിളി, തുറന്നുവിടൂ എന്ന് അലര്‍ച്ച; ആദ്യം ഞെട്ടല്‍, പിന്നെ പൊട്ടിച്ചിരി; വിഡിയോ

നിറകണ്ണുകളുമായി കറുപ്പണിഞ്ഞ് പള്ളിയിലെ സെമിത്തേരിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ അന്ത്യകര്‍മങ്ങള്‍ക്കായി അവര്‍ ഒത്തുകൂടി. എന്നാല്‍ അവരെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. മൃതദേഹം അടങ്ങിയ ശവപ്പെട്ടി കല്ലറയില്‍ എടുത്തുവെച്ചതോടെ എല്ലാവരേയും ഞെട്ടിച്ച് അതില്‍ നിന്ന് നിലവിളി ശബ്ദം ഉയര്‍ന്നു. എന്നെ തുറന്നു വിടൂ എന്ന അലര്‍ച്ചയും പരേതന്റെ രസകരമായ ശബ്ദവും കൂടി ആയതോടെ ഞെട്ടല്‍ ചിരിയിലേക്ക് വഴിമാറി. അയര്‍ലന്‍ഡിലെ കില്‍മാനാഗിലെ ഒരു പള്ളിയിലാണ് വ്യത്യസ്തമായ സംസ്‌കാരം നടന്നത്.

ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്‌കാരത്തിനായാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നത്. ചിരിച്ചുകൊണ്ടുവേണം തന്നെ യാത്രയാക്കാന്‍ എന്ന നിര്‍ബന്ധം ഷായ്ക്കുണ്ടായിരുന്നു. അതിനാലാണ് മുന്‍നിശ്ചയിച്ചതു പ്രകാരം മകള്‍ അദ്ദേഹത്തിന്റെ റെക്കോഡ് ചെയ്ത ശബ്ദം ശവപ്പെട്ടിയില്‍ ഘടിപ്പിച്ചത്.

''ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാന്‍ പറയുന്നത് കേള്‍ക്കാമോ? ഞാന്‍ ഷായ്‌യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാന്‍ മരിച്ചു'' ശവപ്പെട്ടിയില്‍ തട്ടി വിളിക്കുന്നതുപോലെയായിരുന്നു ശബ്ദം. ഒടുവില്‍ 'ഞാന്‍ നിങ്ങളോട് യാത്ര പറയാന്‍ വന്നതാണ്' എന്നു പറഞ്ഞ് ശബ്ദം നിലയ്ക്കുകയായിരുന്നു. ഷായ്‌യുടെ സ്വഭാവം അറിയുന്നതുകൊണ്ടു ചിരിച്ചാണ് എല്ലാവരും കേട്ടിരുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഒക്ടോബര്‍ 8ന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താന്‍ ലോകത്തില്‍ നിന്നു വിടപറയുമ്പോള്‍ ആളുകള്‍ ചിരിച്ചു കൊണ്ട് യാത്രയാക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നതായി ഷായ്‌യുടെ മകള്‍ മെട്രോ ന്യൂസിനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന്  അദ്ദേഹത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത മകള്‍ അത് ശവപ്പെട്ടിയില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com