ഒറ്റക്കാലില്‍ കിളിമഞ്ചാരോ കീഴടക്കി വിസ്മയം തീര്‍ത്ത് മലയാളി യുവാവ്; പ്രചോദനം

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ കിളിമഞ്ചാരോ ഒറ്റക്കാലില്‍ കീഴടക്കി മലയാളിയായ നീരജ് ജോര്‍ജ് ബേബി
ഒറ്റക്കാലില്‍ കിളിമഞ്ചാരോ കീഴടക്കി വിസ്മയം തീര്‍ത്ത് മലയാളി യുവാവ്; പ്രചോദനം

കൊച്ചി: ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ കിളിമഞ്ചാരോ ഒറ്റക്കാലില്‍ കീഴടക്കി മലയാളിയായ നീരജ് ജോര്‍ജ് ബേബി. അര്‍ബുദം ബാധിച്ച് എട്ടാം വയസില്‍ ഇടതു കാല്‍ നഷ്ടപ്പെട്ടിട്ടും ഉയരങ്ങളിലേക്കു യാത്ര തുടര്‍ന്ന നീരജ് തന്റെ അഞ്ച് വര്‍ഷം നീണ്ട സ്വപ്‌നമാണ് സഫലമാക്കിയത്. 

വലതു കാല്‍ വച്ച് ഉയരം താണ്ടിക്കഴിഞ്ഞതിന് പിന്നാലെ 32കാരനായ നീരജ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു- ' 5 വര്‍ഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാര്‍ക്കും വേണ്ടി. ഏറെ വേദന സഹിച്ചു. ഒറ്റക്കാലില്‍ ജീവിക്കുന്നവര്‍ക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.'

ഇടതു കാലിന്റെ സ്ഥാനത്ത്, നിറഞ്ഞ ആത്മവിശ്വാസത്തിലൂന്നി, 19,341 അടിയാണു നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്‌നി അലക്‌സ്, പോള്‍, ശ്യാം ഗോപകുമാര്‍, സിജോ, അഖില എന്നിവര്‍ക്കൊപ്പം ഈ മാസം പത്തിനാണു കിളിമഞ്ചാരോ കയറി തുടങ്ങിയത്. ഒപ്പം രണ്ട് സഹായികളും. 

2015ല്‍ ജര്‍മനിയില്‍ നടന്ന പാരാ ബാഡ്മിന്റന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ഫ്രാന്‍സില്‍ 2012 ല്‍ നടന്ന ഓപണ്‍ പാരാ ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടി. സ്‌കൂബ ഡൈവിങ്, ട്രക്കിങ്, ഹൈക്കിങ്, റോക്ക് ക്ലൈമ്പിങ് എന്നിവയും ഹരമാണ്. 

നൈനിറ്റാളിലെ നൈന കൊടുമുടി, കോയമ്പത്തൂരിലെ വെള്ളാങ്കിരി മല, വയനാട്ടിലെ ചെമ്പ്ര മല, പക്ഷിപാതാളം എന്നിവ കയറിയിട്ടുണ്ട്. ക്രച്ചസ് ഉപയോഗിക്കുന്ന നീരജ്, കൃത്രിമക്കാല്‍ വയ്ക്കാറില്ല. കിളിമഞ്ചാരോ ഏറ്റവും കുറഞ്ഞ സമയത്തില്‍ കീഴടക്കുന്ന ഭിന്നശേഷിക്കാരനെന്ന ഗിന്നസ് റെക്കോര്‍ഡാണു ലക്ഷ്യം. 

ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് നീരജ്. കൊച്ചി അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com