കട്ടിലില്‍ നിന്ന് വീണ് ഒരു വയസുകാരന്റെ കാല്‍ ഒടിഞ്ഞു, വിഷമം മാറ്റാന്‍ ആദ്യം പാവക്കുട്ടിക്ക് പ്ലാസ്റ്ററിട്ടു; വൈറലായി ഒരു സൗഹൃദം

കുഞ്ഞിന്റെ മുന്നില്‍ വെച്ച് പാരിയുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഇതോടെ തന്റെ കാലും ചികിത്സിക്കാന്‍ കുഞ്ഞ് സമ്മതിക്കുകയായിരുന്നു
കട്ടിലില്‍ നിന്ന് വീണ് ഒരു വയസുകാരന്റെ കാല്‍ ഒടിഞ്ഞു, വിഷമം മാറ്റാന്‍ ആദ്യം പാവക്കുട്ടിക്ക് പ്ലാസ്റ്ററിട്ടു; വൈറലായി ഒരു സൗഹൃദം

പ്ലാസ്റ്ററിട്ട കാലുമായി ആശുപത്രിയില്‍ കഴിയുകയാണ് സിക്ര മാലിക്. എന്നാല്‍ അതിന്റെ വിഷമം ഒന്നും സിക്രയ്ക്കില്ല. കാരണം അവന് കൂട്ടായി പ്രിയപ്പെട്ട പാവക്കുട്ടി പാരിയുണ്ട് കൂടെ. 11 മാസം പ്രായമായ കുഞ്ഞ് കഴിഞ്ഞ ദിവസമാണ് കട്ടിലില്‍ നിന്ന് വീണ് കാല്‍ ഒടിഞ്ഞത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സിക്കാന്‍ അവന്‍ അനുവദിച്ചില്ല. അവസാനം അവന്റെ പ്രിയപ്പെട്ട പാവക്കുട്ടിയുടെ കാല്‍ പ്ലാസ്റ്ററിട്ടതിന് ശേഷമാണ് കുഞ്ഞ് സിക്ര ചികിത്സയ്ക്ക് തയാറായത്. ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയാണ് അപൂര്‍വ സൗഹൃദത്തിന് സാക്ഷിയായത്.

രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ തുടയെല്ലിന് എന്തെങ്കിലും സംഭവിച്ചാല്‍ ചികിത്സിക്കുന്ന ഗാലോസ് ട്രാക്ഷനാണ് കുഞ്ഞിന് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വേദനകാരണം നിര്‍ത്താതെ കുഞ്ഞ് കരഞ്ഞതോടെ എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി വീട്ടുകാര്‍. അവസാനം അച്ഛനും അമ്മയും തന്നെയാണ് ഉപായം കണ്ടെത്തിയത്. മകന്റെ പ്രിയപ്പെട്ട പാവക്കുട്ടി പാരിയെ വീട്ടില്‍ നിന്ന് ഹോസ്പിറ്റിലിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മുന്നില്‍ വെച്ച് പാരിയുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഇതോടെ തന്റെ കാലും ചികിത്സിക്കാന്‍ കുഞ്ഞ് സമ്മതിക്കുകയായിരുന്നു. 

കാലിന് ഫ്രാക്ചര്‍ സംഭവിച്ചതിനാല്‍ കട്ടിലില്‍ അനങ്ങാതെ കിടക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ച് മിനിറ്റുപോലും ഒരു സ്ഥലത്ത് ഇരിക്കാത്ത കുഞ്ഞിനെ കിടത്താന്‍ വീട്ടുകാര്‍ വളരെ അധികം കഷ്ടപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ കാല്‍ മുകളിലേക്ക് കെട്ടിവെച്ചു. കൂടെ കാല്‍ കെട്ടി പാരിയേയും അടുത്തു കിടത്തിയതോടെ തന്റെ പാവയ്‌ക്കൊപ്പം സ്വസ്ഥമായി കിടക്കുകയാണ് സിക്ര. പാവയെ കണ്ടതോടെ കുഞ്ഞ് സന്തോഷത്തിലാണെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. ഇരുവരുടേയും സൗഹൃദം എല്ലാവരുടേയും മനം കവരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com