'അവനെ നമുക്കിങ്ങ് വാങ്ങിക്കാം, മക്കള്‍ പറഞ്ഞു'; മേരി അനിത ഓര്‍ത്തെടുക്കുന്നു ആ മുപ്പതു ദിവസങ്ങള്‍

എല്‍വിനെ അവന്‍ സ്‌നേഹത്തോടെ ഉണ്ണി എന്ന് വിളിച്ചു, അവനെ ചിരിപ്പിച്ച് സന്തോഷിപ്പിക്കുകയും പട്ടുപാടി ഉറക്കുകയും ചെയ്തു. വിടപറയുമ്പോള്‍ പോലും അവന്‍ കരയരുതെന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്
'അവനെ നമുക്കിങ്ങ് വാങ്ങിക്കാം, മക്കള്‍ പറഞ്ഞു'; മേരി അനിത ഓര്‍ത്തെടുക്കുന്നു ആ മുപ്പതു ദിവസങ്ങള്‍

'എല്ലാ ദിവസവും മൂന്ന് മണിക്ക് അവന്‍ എഴുന്നേറ്റു വന്ന് എന്റെ കണ്ണില്‍ മാന്തും, ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു കഴിഞ്ഞാല്‍ കുറച്ചു നേരം അവനിരുന്ന് കളിക്കും. പിന്നെ ആറര വരെ ഉറക്കം'- കഴിഞ്ഞ 30 ദിവസം ഡോക്ടര്‍ മേരി അനിതയുടെ ജീവിതത്തില്‍ നിറഞ്ഞു നിന്നിരുന്നത് ഉണ്ണി മാത്രമാണ്. അവനെ കളിപ്പിച്ചും കഥ പറഞ്ഞും ഭക്ഷണം കൊടുത്തുമെല്ലാം ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായി അവര്‍ മാറി. അവസാനം അവന്റെ സ്വന്തം അമ്മയുടെ കയ്യിലേക്ക് ഏല്‍പ്പിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയായിരുന്നു. 

കോവിഡ് പോസിറ്റീവായ ദമ്പതികളുടെ ആറു മാസം പ്രായമായ കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആരും തയാറാവാതെ ഇരുന്നതോടെയാണ് മേരി അനിത സ്വമേധയാ മുന്നോട്ടുവരുന്നത്. ഷീന- എല്‍ദോസ് ദമ്പതികളുടെ എല്‍വിന്‍ എന്ന കുഞ്ഞിനാണ് മേരി അനിത ഒരു മാസക്കാലം അമ്മത്തണല്‍ ഒരുക്കിയത്. എല്‍വിനെ അവന്‍ സ്‌നേഹത്തോടെ ഉണ്ണി എന്ന് വിളിച്ചു, അവനെ ചിരിപ്പിച്ച് സന്തോഷിപ്പിക്കുകയും പട്ടുപാടി ഉറക്കുകയും ചെയ്തു. വിടപറയുമ്പോള്‍ പോലും അവന്‍ കരയരുതെന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഉണ്ണിയ്‌ക്കൊപ്പമുള്ള മനോഹരമായ 30 ദിവസങ്ങള്‍ സമകാലിക മലയാളത്തോട് ഓര്‍ത്തെടുക്കുകയാണ് മേരി അനിത. 

ആദ്യം ഉണ്ണിയെ കയ്യില്‍ വാങ്ങിയപ്പോള്‍ കരഞ്ഞുപോയി

കുഞ്ഞുവാവയെ കയ്യില്‍ കിട്ടിയപ്പോള്‍ കയ്യും കാലും വിറച്ചു കരഞ്ഞു. അത് വല്ലാത്ത ഫീലാണ്. നമുക്ക് ഒരിക്കലും അറിയില്ലാത്ത ഒരാളുടെ കുഞ്ഞിനെ നമുക്ക് തരുകയാണ്. അതും കോവിഡ് പോസ്റ്റീവായ ഒരു അന്തരീക്ഷത്തില്‍ പോയാണ് ഞാന്‍ കുഞ്ഞിനെ സ്വീകരിക്കുന്നത്. ഒരു ഈശ്വരാനുഗ്രഹം പോലെയല്ലേ ഒരു കുഞ്ഞിനെ കിട്ടുക എന്നുപറയുന്നത്. ഒരു ഡയപ്പര്‍ മാത്രമിട്ട ഒരു കുഞ്ഞിനെ തരുമ്പോള്‍ കയ്യും കാലും വിറച്ചു, കണ്ണില്‍ നിന്ന് വെള്ളം വന്നു. എന്തുകൊണ്ടെന്നൊന്നും എനിക്ക് അറിയില്ല, ആ സമയത്തെ ഫീല്‍ എക്‌സ്പ്രസ് ചെയ്യാനെ സാധിക്കില്ല. 

എന്റെയും കുഞ്ഞിന്റേയും ലോകം

ആശുപത്രിയില്‍ പോയാണ് കുഞ്ഞിനെ വാങ്ങിയത്. ചുറ്റുപാടുമെല്ലാം നോക്കി എന്റെ കയ്യില്‍ അവന്‍ കണ്ണുമിഴിച്ച് നോക്കിയിരുന്നു. പിന്നീട് അവന്‍ കരയാന്‍ തുടങ്ങി. ആദ്യം നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ചെറിയ ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞിനെ ഏല്‍പ്പിച്ചത്. അതിനാല്‍ വല്ലാതെ കരയുന്നതു കണ്ട് എന്തു ചെയ്യും എന്നറിയാത്ത അവസ്ഥയിലായിരുന്നു. മുലപ്പാല്‍ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് അതിനാല്‍ തുള്ളി തുള്ളിയായിട്ടാണ് ഭക്ഷണം നല്‍കിയത്. ആദ്യത്തെ രണ്ട് ദിവസം മുഴുവന്‍ അവനെ എടുത്തുകൊണ്ട് നടക്കുകയായിരുന്നു. പിന്നീട് കുഞ്ഞ് കരച്ചില്‍ നിര്‍ത്തുകയും പതിയെ ഭക്ഷണം കഴിച്ചുതുടങ്ങുകയും ചെയ്തു. പിന്നെ എന്റെ ചിരിയിലും കളിയിലും പാട്ടിലും സംസാരത്തിലുമൊക്കെ അവന്‍ പ്രതികരിക്കാന്‍ തുടങ്ങി. അത് വളരെ ആശ്വാസമായി. പിന്നെ ഞങ്ങള്‍ അങ്ങ് കൂട്ടായി. ഞാനും കുഞ്ഞും മാത്രമുള്ള ഒരു ലോകമായി മാറി. കുഞ്ഞിനെ ഉടുപ്പൊന്നുമില്ലാതെ ഒരു ഡയപ്പറിലാണ് കിട്ടിയത്. അതിനാല്‍ മെഡിക്കല്‍ കോളജിലെ ആര്‍എംഒയുമായി ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നിന്നു തന്നെയാണ് കുഞ്ഞു ഉടുപ്പുകളും ഭക്ഷണവുമെല്ലാം നല്‍കുന്നത്. കളിപ്പാട്ടങ്ങള്‍ കുറച്ചൊക്കെ വീട്ടില്‍ നിന്ന് കൊടുത്തയച്ചതാണ്. പിന്നെ അവിടെയുണ്ടായിരുന്ന നിത്യ എന്ന നേഴ്‌സ് ഒരു കിലുക്കിട്ടം തന്നു. ജൂലൈ 15 മുതല്‍ 23 വരെ ആശുപത്രിയില്‍ ആയിരുന്നു. 19 നാണ് കുഞ്ഞിന് രണ്ടാമത്തെ ടെസ്റ്റ് നടത്തുന്നത്. അടുത്ത ദിവസം തന്നെ നെഗറ്റീവാണെന്ന് അറിഞ്ഞിരുന്നു. ടെസ്റ്റ് നടത്തുമ്പോള്‍ രണ്ട് സാധ്യതകളായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്റീവാണെങ്കില്‍ അമ്മയുടെ കൈയില്‍ ഏല്‍പ്പിക്കാം, നെഗറ്റീവാണെങ്കില്‍ ബന്ധുക്കളാരെങ്കിലും വന്ന് കൊച്ചിനെ സ്വീകരിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ നെഗറ്റീവായിട്ടും ആരും എത്തിതിരുന്നതോടെയാണ് കുഞ്ഞിനേയും കൊണ്ട് പോകുന്നത്. 

ഉണ്ണിയുടെ ഒരു ദിവസം

എന്റെ അടുത്ത് എത്തിയതോടെ അവന്റെ ശീലങ്ങളെല്ലാം മാറി. നാലു മണിക്കൂര്‍ കൂടുമ്പോഴായിരുന്നു അവന് അമ്മ പാലു കൊടുത്തിരുന്നത്. എന്നാല്‍ ഞങ്ങള്‍ പ്രത്യേക ഷെഡ്യൂള്‍ സെറ്റ് ചെയ്തിരുന്നു. മൂന്ന് മണിക്കൂറിനുള്ളില്‍ അവന് കഴിക്കാന്‍ ഞാന്‍ എന്തെങ്കിലും നല്‍കുമായിരുന്നു. അവന് അതിന് അനുസരിച്ച് വിശപ്പ് കൂടുകയും ചെയ്തു. എല്ലാദിവസവും മൂന്ന് മണിക്ക് അവന്‍ എഴുന്നേറ്റ് എന്റെ കണ്ണില്‍ വന്ന് മാന്തും. ഭക്ഷണമൊക്കെ കഴിച്ച് കുറച്ചു നേരം ഇരുന്ന് കളിച്ച് അവന്‍ ഉറങ്ങും. പിന്നെ ആറരയൊക്കെ കഴിയുമ്പോഴാണ് എഴുന്നേല്‍ക്കുക. പാലൊക്കെ കൊടുത്ത് കുളിപ്പിച്ച ശേഷം അമ്മയെ വിഡിയോ കോള്‍ ചെയ്ത് കുഞ്ഞിനെ കാണിക്കും. പാലൊക്കെ കുടിച്ച് വീണ്ടും കിടന്നുറങ്ങും. എന്നാല്‍ കുഞ്ഞിന്റെ രീതികളുമായി പൊരുത്തപ്പെടാന്‍ വളരെ വേഗത്തില്‍ കഴിഞ്ഞു. രാത്രി ഉറങ്ങാതിരിക്കുന്നതിന്റെ ബുദ്ധിമുട്ടൊന്നും എനിക്കുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള ചുമതലയുണ്ടായിരുന്നതിനാല്‍ പല രാജ്യത്തു നിന്നുള്ളവര്‍ പല സമയങ്ങളില്‍ വിളിച്ചിരുന്നു. എങ്കിലും ഉണ്ണിയുടെ അടുത്തിരിക്കുന്നതുപോലെ കൂടുതല്‍ നേരെ ഉണര്‍ന്നിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ ഇരിക്കുക എന്നു പറയുന്നതുതന്നെ വളരെ സ്‌ട്രെസ്ഫുള്‍ ആണ്. സ്‌ട്രെസ് റിലീഫ് മെത്തേഡ് അറിയാവുന്നതുകൊണ്ടാണ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നു. 24 മണിക്കൂര്‍ ജോലി എന്നതില്‍ നിന്ന് ഉണ്ണിയുടെ സമയത്തിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. അവന്റെ കളിയിലേക്കും ചിരിയിലേക്കും മാത്രമായി സമയം കുറഞ്ഞു. ടിവിയോ പത്രമോ സോഷ്യല്‍ മീഡിയയോ ഒന്നുമില്ലാത്ത സമയത്ത് എനിക്ക് ഉണ്ണിയും ഉണ്ണിക്ക് ഞാനും മാത്രമായി. മുപ്പത് ദിവസം ഞങ്ങള്‍ മാത്രമായിരുന്നു. രാത്രിയും പകലുമെല്ലാം ഞാന്‍ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു. 

അവനെ നമുക്ക് വാങ്ങാം എന്ന് മക്കള്‍

ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മക്കള്‍ക്ക് അറിയാം. എന്റെ കൂടെ തന്നെ പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ അവര്‍ വരാറുണ്ട്. അതൊക്കൊണ്ട് അവര്‍ക്ക് വേഗം മനസിലാക്കാന്‍ പറ്റി. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കിവെച്ചാണ് ഞാന്‍ പോയത്. എല്ലാം നോക്കിക്കോളാം എന്നു പറയുമ്പോള്‍ തന്നെ ആത്മധൈര്യമാണ്. 25 ദിവസം കഴിഞ്ഞപ്പോഴെക്കും ഉണ്ണിയെ കാണാനും കളിക്കാനും മക്കള്‍ ഞാന്‍ താമസിക്കുന്ന ഫഌറ്റില്‍ വരുമായിരുന്നു. ദിവസവും അവരുമായി വിഡിയോ കോള്‍ ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ ശബ്ദം കേട്ട് വളരെ പെട്ടെന്നാണ് അടുത്തത്. മൂന്ന് മക്കളും ഉണ്ണിയുമായി വല്ലാതെ അടുത്തു. അവസാനം ദിവസങ്ങളായപ്പോള്‍ കുഞ്ഞിനെ കൊടുക്കേണ്ടെന്നും അവനെ നമുക്ക് മേടിക്കാം എന്നൊക്കെ മക്കള്‍ പറയുന്നുണ്ടായിരുന്നു. അവര്‍ക്ക് അതിന്റെ സീരിയസ്‌നസ് അറിയില്ലല്ലോ, ഇന്നലെ രാത്രിയും കുട്ടികള്‍ ഭയങ്കര കരച്ചിലായിരുന്നു. വൈകിട്ട് കാണാം പോകാം എന്നൊക്കെ പറഞ്ഞ്. പക്ഷേ അവന്‍ അവിടെ സെറ്റാവാന്‍ കാത്തിരിക്കുകയാണ്. അവിടുത്തെ അന്തരീക്ഷവുമായി ഇണങ്ങിയിട്ട് പോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിരുത്തിയിരിക്കുകയാണ്. കുഞ്ഞിനെ ഇവിടെനിന്ന് കരഞ്ഞുകൊണ്ട് പറഞ്ഞയക്കരുതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. കരഞ്ഞു കഴിഞ്ഞാല്‍ എനിക്ക് സഹിക്കാന്‍ പറ്റുന്നതിന്റെ അപ്പുറത്തായി പോകുമായിരുന്നു. അതുകൊണ്ട് ഞാന്‍ ഓരോ സെക്കന്റ് കൂടുമ്പോഴും ഉണ്ണീ , ഉണ്ണീ എന്ന് വിളിച്ചുകൊണ്ടിരുന്നു. ഉണ്ണീ എന്ന് കേള്‍ക്കുന്നത് അവന് ഭയങ്കര സന്തോഷമാണ്. അപ്പോള്‍ അവന്‍ ഒച്ചയുണ്ടാക്കി ചിരിക്കും അതുകൊണ്ട് കാറില്‍ കയറുന്ന നിമിഷം വരെ വിളിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഇവിടന്ന് പോകുന്നതുവരെ ഹാപ്പിയായിരുന്നു. എന്നാല്‍ അവിടെയെത്തി പുതിയ അന്തരീക്ഷത്തിലെത്തിയപ്പോള്‍ ആള് വല്ലാതെ ആയി. എന്തു ചെയ്യണം എന്ന് അറിയാതെ അവര്‍ നില്‍ക്കുന്ന സമയത്താണ് ഞാന്‍ എത്തുന്നത്. അതിനാല്‍ മാലാഖയെപ്പോലെയാണ് എന്നാണ് അവര്‍ പറഞ്ഞത്.  

ഇനിയൊരു കുഞ്ഞ് കൈയില്‍ വന്നാല്‍

ഇതൊന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല. നാളെ അങ്ങനെ വന്നാല്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല എന്നേ പറയാന്‍ പറ്റൂ. ഇതിന് വളരെ ബ്ലാങ്ക് ആയിട്ടാണ് പോയത്. അപ്രതീക്ഷിതമായിട്ടാണ് ഒരു കുഞ്ഞ് കയ്യിലേക്ക് വരുന്നത്. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞ്. വേറൊരു ചിന്ത പോലും കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. ഇനിയൊരു കുഞ്ഞ് വന്നാല്‍ എന്ത് ചെയ്യും എന്നൊന്നും പ്ലാന്‍ ചെയ്യാന്‍ എനിക്കറിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com