ചൈനയിൽ നിന്ന് ചെന്നൈയിലേക്ക് കപ്പൽ കടന്നെത്തി; ക്വാറന്റൈൻ പൂർത്തിയാക്കി; ഇനി ആർക്കും ദത്തെടുക്കാം!

ചൈനയിൽ നിന്ന് ചെന്നൈയിലേക്ക് കപ്പൽ കടന്നെത്തി; ക്വാറന്റൈൻ പൂർത്തിയാക്കി; ഇനി ആർക്കും ദത്തെടുക്കാം!
ചൈനയിൽ നിന്ന് ചെന്നൈയിലേക്ക് കപ്പൽ കടന്നെത്തി; ക്വാറന്റൈൻ പൂർത്തിയാക്കി; ഇനി ആർക്കും ദത്തെടുക്കാം!

ചെന്നൈ: കോവിഡ് വ്യാപനത്തിനിടെ ചൈനയിൽ നിന്ന് കപ്പലിൽ ചെന്നൈ തുറമുഖത്തെത്തിയ പൂച്ച മൂന്ന് മാസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി. കപ്പലിലെ കണ്ടെയ്‌നറിനുള്ളിൽ ഒളിച്ചാണ് പൂച്ച കടൽ കടന്നെത്തിയത്. പൂച്ചയെ ഇനി ആർക്കും ദത്തെടുക്കാം. 

ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങൾ നിറച്ച കണ്ടെയ്‌നറിനുള്ളിൽ ഫെബ്രുവരി 17നാണ് പൂച്ചയെ കണ്ടെത്തിയത്. അതിനെ ചൈനയിലേക്കു തന്നെ തിരിച്ചയയ്ക്കാൻ ശ്രമം നടത്തിയെങ്കിലും മൃഗ സംരക്ഷണ സംഘടനയായ പെറ്റ പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ചെന്നൈ കസ്റ്റംസ് അധികൃതർ അതിനെ പൂച്ചകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് കൈമാറി. തമിഴ്‌നാട് മൃഗ സംരക്ഷണ വകുപ്പ് പൂച്ചയുടെ കാര്യങ്ങൾ ശ്രദ്ധിച്ചു.

അതിനിടെ, ഏപ്രിൽ 19 ന് പൂച്ചയെ ചെന്നൈയിലെ അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് (എക്യുസിഎസ്) കൈമാറാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. 30 ദിവസം പൂച്ചയെ ക്വാറന്റൈനിൽ സൂക്ഷിക്കാനായിരുന്നു നിർദ്ദേശം. അതിനിടെ, പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മേനകാ ഗാന്ധിയുടെ പിന്തുണയോടെ മൃഗ സ്‌നേഹികൾ രംഗത്തെത്തി.

പൂച്ചയെ ആരെങ്കിലും ദത്തെടുക്കുന്നതുവരെ സംരക്ഷിക്കാൻ സമ്മതമാണെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സർവീസസ് മാനേജർ രശ്മി ഗോഖലെ അറിയിച്ചിരുന്നു. പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് 19 പടരില്ലെന്ന് വ്യക്തമാക്കി അവർ ചെന്നൈ കസ്റ്റംസിന് കത്തയച്ചു. മാംസത്തിനും രോമത്തിനും വേണ്ടി പൂച്ചകളെ കൊല്ലുന്നത് ചൈനയിൽ പതിവാണെന്നും അതിനാൽ ചെന്നൈയിലെത്തിയ പൂച്ചയെ ചൈനയിലേക്ക് തിരിച്ചയയ്ക്കരുതെന്നുമായിരുന്നു മൃഗ സ്‌നേഹികളുടെ വാദം. 

പൂച്ച കണ്ടെയ്‌നറിനുള്ളിൽ കടന്നത് ചൈനയിൽ നിന്ന് ആകാൻ സാധ്യതയില്ലെന്നും മൃഗ സ്‌നേഹികൾ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിൽ നിന്ന് ചെന്നൈയിലെത്താൻ വേണ്ട 20 ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ചയ്ക്ക് ജീവൻ നിലനിർത്താനാവില്ലെന്നും സിംഗപ്പൂരിലെയോ കൊളംബോയിലെയോ തുറമുഖത്തു നിന്ന് കയറിയതാവാമെന്നും അവർ വാദിച്ചു. 

ഒടുവിൽ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ പൂച്ചയെ മോചിപ്പിച്ചതോടെ കേന്ദ്ര സർക്കാരിനോടും തമിഴ്‌നാട് സർക്കാരിനോടും ചെന്നൈ കസ്റ്റംസിനോടും നന്ദി അറിയിച്ച് മൃഗ സ്‌നേഹികൾ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com