ക്ലാസ്‌റൂം വിമാനമാക്കി, ടെക്‌സാസിൽ നിന്നും മെക്‌സിക്കോയിലേക്ക് ടീച്ചറും കുട്ടികളും; വിഡിയോ വൈറൽ, പിന്നാലെ സർപ്രൈസ്

ക്ലാസ്‌മുറിയിൽ അന്താരാഷ്ട്ര വിമാനയാത്ര ഒരുക്കി ഒരു അധ്യാപിക
ക്ലാസ്‌മുറി വിമാനമാക്കി അധ്യാപിക/ വിഡിയോ സ്ക്രീൻഷോട്ട്
ക്ലാസ്‌മുറി വിമാനമാക്കി അധ്യാപിക/ വിഡിയോ സ്ക്രീൻഷോട്ട്

ഭാവനയ്‌ക്ക് അതിരുകളില്ല, അത് നമ്മളെ എവിടേയ്‌ക്ക് വേണമെങ്കിലും കൊണ്ടു പോകും. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ മനം കവരുന്നത്. ക്ലാസെടുക്കുന്നതിനിടെ കുട്ടികൾക്ക് പരാതി, ഇതുവരെ വിമാനയാത്ര ചെയ്‌തിട്ടില്ല. എന്നാൽ പിന്നെ പോയിട്ടു തന്നെ കാര്യമെന്ന് അധ്യാപിക. ടെക്സാസിലെ സീഡാർ ഹില്ലിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി ക്ലാസ്‌മുറി തന്നെ വിമാനമാക്കി മാറ്റി  ഒരു അധ്യാപിക. 

ടെക്സാസിലെ സീഡാർ ഹില്ല് സ്കൂളിൽ നിന്നും മെക്‌സിക്കോയിലേക്കാണ് യാത്ര. ആദ്യ നടപടി പാസ്പോർട്ട് ഉണ്ടാക്കുക എന്നതാണ്. നിരനിരയായി നിർത്തി കുട്ടികളുടെ ഫോട്ടോ എടുത്ത് വ്യാജ പാസ്പോർട്ട് ശരിയാക്കി. അധ്യാപിക സോൻജ വൈറ്റ് ഒരുക്കിയ ക്ലാസ്റൂം വിമാനത്തിൽ യാത്രയ്‌ക്ക് വേണ്ടി കുട്ടിയാത്രക്കാരെല്ലാം റെഡിയായി എത്തി. യാത്രക്കാരെ സ്വീകരിക്കുന്നതിന് 46കാരിയായ അധ്യാപിക വിമാനത്താവളത്തിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായി. വിമാനത്തിലേക്ക് കയറുന്നതിന് മുൻപ് യാത്രക്കാരുടെ ബോർഡിങ് പാസ്, പാസ്‌പോർട്ട്, ബാഗുകൾ എല്ലാം ഈ ജീവനക്കാരിയാണ് പരിശോധിച്ച് അകത്തു കയറ്റുന്നത്. 

തുടർന്ന് സുരക്ഷാ നിർദ്ദേശങ്ങൾ പൂർത്തിയാക്കി പ്രശസ്ത വിമാനക്കമ്പനിയായ സൗത്ത് വെസ്റ്റിന്റെ മെക്സിക്കോ ഫ്ലൈറ്റ് എന്ന് പേരു നൽകിയിരിക്കുന്ന ക്ലാസിമുറിയിലേക്ക് യാത്രക്കാർ പ്രവേശിക്കുന്നു. ഒരു വിമാനയാത്രയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവർ ആ കുട്ടികളെ കാണിച്ചുകൊടുത്തു. വിമാനത്തിലെ ഇരിപ്പിടം പോലെ ക്ലാസ് റൂം ക്രമീകരിക്കുക മാത്രമല്ല, വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്റെ വിഡിയോ യുട്യൂബിൽ ക്ലാസിന്റെ മുൻവശത്ത് കാണിക്കുകയും ചെയ്തു. അടുത്തതായി വിഡിയോയിൽ, ഫ്ലൈറ്റ് അറ്റൻഡന്റായി വരുന്നതും അധ്യാപിക തന്നെയാണ്. 15 മിനിറ്റ് വിമാനത്തിൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. 

ഫ്ലൈറ്റ് മെക്‌സിക്കോയിൽ ലാൻഡ് ചെയ്‌ത് യാത്രക്കാർ പുറത്തിറങ്ങിയപ്പോൾ. 'നല്ല യാത്ര' എന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. പുറത്തിറങ്ങിയ കുട്ടിയാത്രക്കാരെ സ്പാനിഷ് ഭാഷയിൽ അഭിവാദ്യം ചെയ്താണ് അധ്യാപിക മെക്‌സിക്കോയിലേക്ക് സ്വീകരിച്ചത്. വിദ്യാർഥികളുടെ അമ്മമാർ തന്നു വിട്ട ഭക്ഷണമാണ് യാത്രക്കാർക്ക് വേണ്ടി മെക്‌സിക്കോയിലെ ഭക്ഷണശാലയിൽ ഒരുക്കിയിരുന്നത്. മെക്‌സിക്കോയിൽ എത്തിയ യാത്രക്കാർക്ക് ഷോപ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായ ഈ ക്ലാസ് റൂം വിമാനയാത്ര ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

നിരവധി ആളുകൾ അധ്യാപികയെ പ്രശംസിച്ച് രം​ഗത്തെത്തി. ഇതിന് പിന്നാലെ അധ്യാപിക ഒരുക്കിയ സൗത്ത് വെസ്റ്റ് എയർലൈൻസ് അധ്യാപികയ്‌ക്കും കുട്ടികൾക്കും മറ്റൊരു സർപ്രൈസുമായി എത്തി. ക്ലാസിലെ കുട്ടികളെ ഒരു യഥാർഥ ഫീൽഡ് ട്രിപ്പ് നൽകാൻ എയർലൈൻസ് തീരുമാനിച്ചു. വിമാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നേരിട്ടറിയാനും ഒരു യാത്ര പോകാനും സൗത്ത് വെസ്റ്റ് എയർലൈൻസ് കുട്ടികളെയും അധ്യാപകരെയും ക്ഷണിച്ചു. ഇതോടെ സ്വപ്നം സാക്ഷാത്‌കരിച്ചതിന്റെ ത്രില്ലിലാണ് കുട്ടികൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com