കപ്പിനും ചുണ്ടിനുമിടയില്‍ രണ്ട് ജയം; സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് ഗോവയ്‌ക്കെതിരേ

 
കപ്പിനും ചുണ്ടിനുമിടയില്‍ രണ്ട് ജയം; സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് ഗോവയ്‌ക്കെതിരേ

പനാജി:  ഫുട്‌ബോളിന് ഏറെ പേരുകേട്ട മലയാളക്കരയില്‍ ഒരു കപ്പെത്തിയിട്ട് ഒരു വ്യാഴവട്ടമായി. ഇത്തവണ വിപി ഷാജിയും കുട്ടികളും ഗോവയിലേക്ക് തീവണ്ടി കയറിയത് ഈ കാത്തിരിപ്പിന് വിരാമമാകട്ടെ എന്നാണ് ആരാധകര്‍ കരുതുന്നത്. അതിനിടയില്‍ വിലങ്ങായി നില്‍ക്കുന്നത് രണ്ട് മത്സരങ്ങളും. 71മത് സന്തോഷ് ട്രോഫി സെമി ഫൈനലുകള്‍ ഇന്ന് നടക്കും. വൈകീട്ട് ഏഴിന് ആതിഥേയരായ ഗോവയെ കേരളം എതിരിടുമ്പോള്‍, നാലിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ ബംഗാള്‍ മിസോറാമിനെ നേരിടും.

ഗ്രൗണ്ട് സപ്പോര്‍ട്ടും കളിമികവും കൊണ്ട് കേരളത്തിന് മുന്നിലുള്ള ഗോവ ഇതുവരെ തോല്‍വിയറിയാതെയാണ് കേരളത്തിനെതിരേ കോപ്പുകൂട്ടുന്നത്. എന്നാല്‍ കേരളമാകട്ടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മഹാരാഷ്ട്രയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴയിങ്ങിയാണ് ഇറങ്ങുന്നത്.

ഏതുടീമിനേയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള താരങ്ങളുണ്ടെന്നാണ് കേരളത്തിന്റെ ആശ്വാസം. ടീമില്‍ നിര്‍ണായകമാകുന്ന യുവതാരങ്ങള്‍ ഗോവന്‍ വലയില്‍ പന്തെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഗോളുകള്‍ നേടി ടോപ്പ്‌സ്‌കോററായി നില്‍ക്കുന്ന ജോബി ജസ്റ്റിന്‍, നായകന്‍ ഉസ്മാന്‍, ജിഷ്ണു, അസ്ഹറുദ്ധീന്‍ എന്നിവരാണ് ടീമിന്റെ മുന്നേറ്റനിരയുടെ ചുമതല വഹിക്കുന്നത്. മധ്യനിര അടക്കിവാണി ജിജോയും സീസണും ടീമിന്റെ ശക്തികേന്ദ്രമാകും. പിന്നീടുള്ളത് പ്രതിരോധമാണ്. പത്ത് ഗോളുകള്‍ അടിച്ച കേരളത്തിന്റെ വലയില്‍ ഏഴ് ഗോളുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ പിഴവുണ്ടെന്നതിന് വേറെ കാരണമൊന്നും വേണ്ട. ഗോവയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ തടയുന്നതില്‍ പ്രതിരോധം കാത്താല്‍ ഒരു പക്ഷെ കേരളം വീണ്ടും ഫൈനലില്‍ പന്തുതട്ടും.

അഞ്ച് കിരീടങ്ങള്‍ വീതം സ്വന്തമാക്കിയ കേരളവും ഗോവയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പുതിയ കളിയനഭവമായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. രണ്ട് മത്സരങ്ങളും ഡിഡി സ്‌പോര്‍ട്‌സില്‍ തത്സമയ സംപ്രേക്ഷണമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com