മെസിയോളം പോന്നൊരു കളിക്കാരന്‍ ഫുട്‌ബോള്‍ ലോകത്ത് ജനിച്ചിട്ടില്ല; മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ മെസിയെ കുറിച്ച്‌

കില്യന്‍ എംബാപ്പെയെ ഒന്നും മെസിയുമായി താരതമ്യം ചെയ്യുകയേ വേണ്ടെന്ന് ഗാര്‍ഡിയോള
മെസിയോളം പോന്നൊരു കളിക്കാരന്‍ ഫുട്‌ബോള്‍ ലോകത്ത് ജനിച്ചിട്ടില്ല; മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ മെസിയെ കുറിച്ച്‌

മെസിയെ മറികടക്കാന്‍ പ്രാപ്തരായ കളിക്കാര്‍ നിലവില്‍ ഫുട്‌ബോള്‍ ലോകത്തുണ്ടോ? ഇല്ലെന്നായിരിക്കും ഭൂരിഭാഗം ഫുട്‌ബോള്‍ പ്രേമികളുടേയും മറുപടി. മുന്‍ ബാഴ്‌സ ബോസ് പെപ്പ് ഗാര്‍ഡിയോളയ്ക്കും പറയാനുള്ളത് അതാണ്. മെസിക്കൊപ്പം നില്‍ക്കാന്‍ പോന്ന ഒരു താരം നിലവില്‍ ഫുട്‌ബോള്‍ ലോകത്തില്ല. 

പത്തൊന്‍പതുകാരനായ പിഎസ്ജി മുന്നേറ്റ നിരക്കാരന്‍ കില്യന്‍ എംബാപ്പ മെസിയുടെ നിലയിലേക്ക് വളരുമെന്ന വിലയിരുത്തലുകളോട് പ്രതികരിക്കുമ്പോഴായിരുന്നു, മെസിക്കൊപ്പം നില്‍ക്കാന്‍ തക്ക വിധത്തില്‍ ആരുമുണ്ടാകില്ലെന്ന് പറഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 

കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു ദയയുമില്ലാത്ത കില്യന്‍ എംബാപ്പെയുടെ കുതിപ്പിന്റെ ആഘാതം ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഏറ്റിരുന്നു. 44 മത്സരങ്ങളില്‍ നിന്നായി 26 ഗോളുകളാണ് താരം നേടിയത്. 

എന്നാല്‍ നല്ല തുടക്കം കിട്ടിയെന്ന് കരുതി അത് തുടരാന്‍ സാധിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഗാര്‍ഡിയോള പറയുന്നു. നല്ല കളിക്കാരനാണ് എംബാപ്പെ, കൂടുതല്‍ കളി മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിനാകും. എന്നാല്‍ പത്ത് പന്ത്രണ്ട് വര്‍ഷം കൊണ്ട് മെസിയോ, റൊണാള്‍ഡോയോ ചെയ്തതു പോലെ കില്യന്‍ എംബാപ്പെയ്ക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് കാത്തിരുന്ന് കാണണം. കില്യന്‍ എംബാപ്പെയ്‌ക്കൊപ്പം നെയ്മര്‍ കൂടി എത്തുന്നതോടെ വരും സീസണില്‍ ആധിപത്യം ഉറപ്പിക്കാനാകും പിഎസ്ജിയുടെ ശ്രമം.

എല്ലാ സീസണിലും 60/70 ഗോളുകള്‍ വരെ സ്‌കോര്‍ ചെയ്യാന്‍ മെസിക്ക് കഴിയും. സ്‌കോര്‍ ചെയ്യുന്നതിന് പുറമെ അസിസ്റ്റ് ചെയ്യാനും മെസി ഉണ്ടാകും. ശരീരത്തെ സ്വയം നിയന്ത്രിക്കുന്നതിനാല്‍ പരിക്ക് പിടികൂടുകയുമില്ല. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മെസിയോളം ഒരു താരം ഉയരും എന്ന് പ്രവചിക്കാന്‍ താന്‍ തയ്യാറാകാത്തതെന്ന് ഗാര്‍ഡിയോള പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com