ആരാണ് അന്ന് പന്ത് ചുരണ്ടാൻ നിർദേശിച്ചത്...? സ്മിത്തോ, വാർണറോ; കുബുദ്ധിക്ക് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി ബൻക്രോഫ്റ്റ്

അന്നത്തെ സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബന്‍ക്രോഫ്റ്റ്
ആരാണ് അന്ന് പന്ത് ചുരണ്ടാൻ നിർദേശിച്ചത്...? സ്മിത്തോ, വാർണറോ; കുബുദ്ധിക്ക് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി ബൻക്രോഫ്റ്റ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടായ സംഭവം അരങ്ങേറിയത്. പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന് ക്യാപ്റ്റന്‍ സ്റ്റീവൻ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപണറായ കാമറോണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരായിരുന്നു അന്ന് വില്ലൻമാരായത്. പിന്നാലെ മൂവരേയും വിലക്കുകയും ചെയ്തിരുന്നു. സ്മിത്ത്, വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും ബന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്.

പന്ത് ചുരണ്ടൽ വിവാദത്തിൽ താൻ നേരിട്ടിടപെട്ടിട്ടില്ലെന്നും സഹ താരങ്ങൾ അങ്ങനെ ചെയ്യാൻ പദ്ധതി ഇട്ടതായി തനിക്ക് അറിവുണ്ടായിരുന്നുവെന്നും ഈയടുത്ത് സ്റ്റീവൻ സ്മിത്ത് വെളിപ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞിട്ടും ക്യാപ്റ്റനെന്ന നിലയിൽ അത് വിലക്കാതിരുന്നതാണ് താൻ ചെയ്ത തെറ്റെന്നും സ്മിത്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ പന്തിൽ കൃത്രിമം കാണിക്കാൻ മുൻകൈയെടുത്ത താരമാരാണെന്ന് സ്മിത്ത് വെളിപ്പെടുത്തിയിരുന്നില്ല. 

അന്നത്തെ സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബന്‍ക്രോഫ്റ്റ്. വാര്‍ണറാണ് പന്ത് ചുരണ്ടല്‍ സംഭവത്തിന്റെ യഥാര്‍ഥ സൂത്രധാരനെന്നു ബന്‍ക്രോഫ്റ്റ് വെളിപ്പെടുത്തി. നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തിലും വാര്‍ണറാണ് എല്ലാം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കുകയാണ് ബന്‍ക്രോഫ്റ്റും. ഓസീസ് ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു അന്നു തനിക്ക്. അതാണ് അങ്ങനെയൊരു കൃത്രിമം കാണിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്‍ക്രോഫ്റ്റ് പറഞ്ഞു. 

പന്തിന്റെ രൂപത്തില്‍ ചെറിയ മാറ്റം വരുത്താന്‍ അന്നു തന്നോട് ആവശ്യപ്പെട്ടത് വാര്‍ണറാണെന്ന് ബന്‍ക്രോഫ്റ്റ് പറഞ്ഞു. മത്സരം ഓസ്‌ട്രേലിയയില്‍ നിന്നു കൈവിട്ടുപോകുമെന്ന ഘട്ടത്തിലായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അന്നു എന്താണ് താന്‍ ചെയ്യുന്നതെന്ന് കൃത്യമായി ധാരണയില്ലായിരുന്നു. ഒരു തുടക്കക്കാരനായിരുന്ന തനിക്കു ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ അങ്ങനെ ചെയ്തതെന്നും ബന്‍ക്രോഫ്റ്റ് കൂട്ടിച്ചേര്‍ത്തു.

തെറ്റാണ് ചെയ്തതെന്നു ബോധ്യമായതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. പന്ത് ചുരണ്ടല്‍ ആസൂത്രണം ചെയ്തതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. സംഭവത്തില്‍ താന്‍ ഇരയല്ല. വേണമെങ്കില്‍ വാര്‍ണര്‍ നിര്‍ദേശിച്ചപ്പോള്‍ തനിക്കു നിരസിക്കാമായിരുന്നു. എന്നാല്‍ അതു ചെയ്യാമെന്നേറ്റത് വലിയ തെറ്റ് തന്നെയാണെന്നും താരം വ്യക്തമാക്കി. 

സംഭവത്തിന് ശേഷം വിലക്ക് ശിക്ഷ ഏറ്റുവാങ്ങിയ താരം ഇപ്പോൾ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഓസ്ട്രേലിയക്കായി എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന്റെ ഒൻപത് മാസത്തെ വിലക്ക് ഈയടുത്താണ് അവസാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com