കളിക്ക് മുന്‍പ് 20 വട്ടം വരെ ബാത്ത്‌റൂമില്‍ പോകും, മെസി ദൈവവും അല്ല, നായകനും അല്ലെന്ന് മറഡോണ

കളി തുടങ്ങുന്നതിന് മിനിറ്റുകള്‍ മാത്രം മുന്‍പ് 20 വട്ടം ബാത്‌റൂമില്‍ പോകുന്നൊരു വ്യക്തിയെ നായകനാക്കുവാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല
കളിക്ക് മുന്‍പ് 20 വട്ടം വരെ ബാത്ത്‌റൂമില്‍ പോകും, മെസി ദൈവവും അല്ല, നായകനും അല്ലെന്ന് മറഡോണ

കളിക്കളത്തില്‍ അര്‍ജന്റീനയുടെ നായകനാകാനോ, ഫുട്‌ബോള്‍ ദൈവമായി വിലയിരുത്തപ്പെടാനോ അര്‍ഹനല്ല ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി എന്ന് ഡീഗോ മറഡോണ. കളി തുടങ്ങുന്നതിന് മിനിറ്റുകള്‍ മാത്രം മുന്‍പ് 20 വട്ടം ബാത്‌റൂമില്‍ പോകുന്നൊരു വ്യക്തിയെ നായകനാക്കുവാന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ലെന്നായിരുന്നു ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജന്റീനിയന്‍ ഇതിഹാസ താരം പറഞ്ഞത്. 

കളിക്കാരോടും കോച്ചിനോടും കളിക്ക് മുന്‍പ് സംസാരിക്കേണ്ട  സമയത്ത് അവിടെ ഉണ്ടാവില്ല. എന്നിട്ട് കളിക്കളത്തില്‍ നായകനാവണം എന്ന് പറയുന്നു. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ തന്നെയാണ് മെസി. പക്ഷേ ഒരു നായകന്‍ അല്ല. മെസിയെ ദൈവത്തോട് ഉപമിക്കുന്നത് അവസാനിപ്പിക്കണം. ബാഴ്‌സലോണയ്ക്ക് വേണ്ടി ഇറങ്ങുമ്പോള്‍ മെസി മെസിയാണ്. എന്നാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഇറങ്ങുമ്പോള്‍ മറ്റൊരു മെസിയാണ് കളത്തില്‍. 

നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു മെസി ആവണം എങ്കില്‍ ആ നായകത്വം മെസിയില്‍ നിന്നും എടുത്ത് കളയണം എന്നും മറഡോണ പറയുന്നു. മെസി അര്‍ജന്റീനിയന്‍ ടീമിലേക്ക് മടങ്ങി എത്തരുത് എന്നായിരുന്നു രണ്ട് ദിവസം മുന്‍പ് മറഡോണ പറഞ്ഞിരുന്നത്. അര്‍ജന്റീനിയന്‍ ടീം അംഗങ്ങളും മാനേജ്‌മെന്റും ഒരു തരത്തിലുള്ള പിന്തുണയും മെസിക്ക് നല്‍കിയില്ലാ എന്നുമായിരുന്നു മറഡോണയുടെ വാക്കുകള്‍. 

അര്‍ജന്റീനിയുടെ പരിശീലക കുപ്പായത്തിലേക്ക് എത്തിയാല്‍ മെസിയെ ഒരിക്കലും അര്‍ജന്റീനിയന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും മറഡോണ പറഞ്ഞു. ലോക കപ്പില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ അര്‍ജന്റീന കളിച്ച സൗഹൃദ മത്സരങ്ങളില്‍ മെസിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com