ഇന്ത്യയെ പിടിച്ചു കയറ്റിയ ഇന്നിങ്‌സിന്റെ പ്രത്യേകതകള്‍; വേണമെങ്കില്‍ ഐപിഎല്ലും കളിക്കാം

അഡ്‌ലെയ്ഡില്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ടെസ്റ്റില്‍ 5,000 റണ്‍സ് എന്ന നേട്ടത്തില്‍ നിന്നും 95 റണ്‍സ് അകലെയായിരുന്നു പൂജാര
ഇന്ത്യയെ പിടിച്ചു കയറ്റിയ ഇന്നിങ്‌സിന്റെ പ്രത്യേകതകള്‍; വേണമെങ്കില്‍ ഐപിഎല്ലും കളിക്കാം


ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു ചേതേശ്വര്‍ പൂജാര അഡ്‌ലെയ്ഡില്‍. ഇന്ത്യയ്ക്ക് ജീവന്‍ നല്‍കിയ പൂജാരയുടെ ഇന്നിങ്‌സിനും സെഞ്ചുറിക്കും പല പ്രത്യേകതകളുമുണ്ട്. രാഹുല്‍ ദ്രാവിഡിനും റിക്കി പോണ്ടിങ്ങിനുമെല്ലാം ഒപ്പമാണ് അഡ്‌ലെയ്ഡിലെ ക്ലാസ് ഇന്നിങ്‌സോടെ പൂജാര എത്തുന്നത്. 

അഡ്‌ലെയ്ഡില്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ടെസ്റ്റില്‍ 5,000 റണ്‍സ് എന്ന നേട്ടത്തില്‍ നിന്നും 95 റണ്‍സ് അകലെയായിരുന്നു പൂജാര. ബാറ്റ്‌സ്മാന്‍മാര്‍ ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ച തകര്‍പ്പന്‍ ഇന്നിങ്‌സ് പൂജാരയില്‍ നിന്നു വന്നുവെന്ന് മാത്രമല്ല, ടെസ്റ്റില്‍ 5000 റണ്‍സും പൂജാര പിന്നിട്ടു. 107 ഇന്നിങ്‌സാണ് 5000 റണ്‍സ് പിന്നിടാന്‍ പൂജാരയ്ക്ക് വേണ്ടി വന്നത്. 

ടെസ്റ്റില്‍ 5000 റണ്‍സ് വേഗത്തില്‍ പിന്നിട്ട ഇന്ത്യക്കാരില്‍ അഞ്ചാമനാണ് പൂജാര ഇപ്പോള്‍, ദ്രാവിഡിന്റെ നേട്ടത്തിനൊപ്പം. ഹസല്‍വുഡിന്റെ ഷോട്ട് ബോള്‍ സിക്‌സിന് പറത്തിയാണ് പൂജാര ആ നാഴിക കല്ല് പിന്നിട്ടത്. 95 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം പിന്നിട്ട് ഗാവസ്‌കറാണ് ലിസ്റ്റില്‍ മുന്നില്‍. പിന്നാലെ 99 ഇന്നിങ്‌സില്‍ നിന്ന് സെവാഗും, 103 ഇന്നിങ്‌സില്‍ നിന്ന് സച്ചിനും, 105 ഇന്നിങ്‌സില്‍ നിന്ന് കോഹ് ലിയും 5000 റണ്‍സ് നേടി. 

സൂക്ഷിച്ച കളിച്ച പൂജാര പക്ഷേ സെഞ്ചുറിയോട് അടുത്തപ്പോഴേക്കും അടിച്ചു കളിക്കാന്‍ തുടങ്ങിയതോടെ കളി വീണ്ടും ആരാധകര്‍ക്ക് കൗതുകമായി. ടെസ്റ്റില്‍ 5,000 റണ്‍സ് തികയ്ക്കാന്‍ 109, 110 ഇന്നിങ്‌സ് എടുത്ത ഹഷിം അംല, റിക്കി പോണ്ടിങ് എന്നിവരേയും പൂജാര പിന്നിലാക്കി. 89 റണ്‍സില്‍ നിന്നും സെഞ്ചുറിയും പിന്നിട്ട് 123 റണ്‍സില്‍ എത്താന്‍ പൂജാരയ്ക്ക് വേണ്ടി വന്നത് 18 ബോള്‍ മാത്രമാണ്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ പിഴയ്ക്കാത്ത ചുവടുകളുമായിട്ടായിരുന്നു പൂജാരയുടെ കളി. ഓസീസ് സീമേഴ്‌സിനെതിരെ പൂജാര അടിച്ച മോശം ഷോട്ടുകള്‍ അഞ്ചെണ്ണം മാത്രം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറെ പഴി കേട്ടുവെങ്കിലും അഡ്‌ലെയ്ഡിലെ ഇന്നിങ്‌സോടെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com