കാര്യവട്ടത്ത് കളി മറന്ന് വിന്‍ഡീസ്; ഇന്ത്യക്ക് അനായാസ ലക്ഷ്യം; ധവാന്‍ പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് വിജയ ലക്ഷ്യം
കാര്യവട്ടത്ത് കളി മറന്ന് വിന്‍ഡീസ്; ഇന്ത്യക്ക് അനായാസ ലക്ഷ്യം; ധവാന്‍ പുറത്ത്

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് കൂടാരം കയറി. മറുപടി തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. അഞ്ച് പന്തില്‍ ആറ് റണ്‍സുമായി ധവാന്‍ മടങ്ങി. തോമസിനാണ് വിക്കറ്റ്. ബാറ്റിങ് തുടരുന്നു ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ പത്ത് റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ എന്നിവരാണ് ക്രീസില്‍. 

നേരത്തെ നാല് വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജ കരീബിയന്‍ ബാറ്റിങിനെ വട്ടംകറക്കി. ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. കുല്‍ദീപ്, ഭുവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

33 പന്തില്‍ 25 റണ്‍സെടുത്ത നായകന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സും 39 പന്തില്‍ 16 റണ്‍സെടുത്ത കീറന്‍ പവലും പിടിച്ചുനിന്നു. മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. മൂന്ന് ബാറ്റ്‌സമാന്‍മാര്‍ സംപൂജ്യരായി മടങ്ങി. എട്ട് റണ്‍സുമായി ബുഷു പുറത്താകാതെ നിന്നു. 

ടോസ് നേടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിന്‍ഡീസ് താരം കിറാന്‍ പവല്‍ ധോണിക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രണ്ടാം ഓവറില്‍ ഷായ് ഹോപും പുറത്ത്. റണ്‍സൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തില്‍  ബൗള്‍ഡായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ മാര്‍ലോന്‍ സാമുവല്‍സിനെ കോഹ്‌ലി പിടിച്ചു. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ് മേയറെ ജഡേജ വിക്കറ്റിനു മുന്‍പില്‍ കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ ക്യാച്ചെടുത്തു മടക്കി. 

സ്‌കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. കെമര്‍ റോച്ചിനെ ജഡേജയുടെ പന്തില്‍ ജാദവ് തന്നെ ക്യാച്ചെടുത്തു. അവസാന വിക്കറ്റായി തോമസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com