പരാ​ഗിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്റെ തിരിച്ചുവരവ്; കൊൽക്കത്തയ്ക്ക് തുടർച്ചയായ ആറാം തോൽവി

ഐപിഎല്ലിൽ തുടർച്ചയായ ആറാം പരാജയത്തിലേക്ക് വീണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
പരാ​ഗിന്റെ ബാറ്റിങ് കരുത്തിൽ രാജസ്ഥാന്റെ തിരിച്ചുവരവ്; കൊൽക്കത്തയ്ക്ക് തുടർച്ചയായ ആറാം തോൽവി

കൊൽക്കത്ത: ഐപിഎല്ലിൽ തുടർച്ചയായ ആറാം പരാജയത്തിലേക്ക് വീണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. രാജസ്ഥാൻ റോയൽസ് അവരെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. വിജയിക്കുമായിരുന്ന മത്സരം കൊൽക്കത്ത കളഞ്ഞുകുളിക്കുകയായിരുന്നു. തോൽവയിലേക്ക് പോകുകയായിരുന്ന രാജസ്ഥാനെ കൗമാരക്കാരനായ റിയാൻ പരാ​ഗ് മികച്ച ബാറ്റിങിലൂടെ കളിയിലേക്ക് മടക്കിയെത്തിക്കുകയായിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. രാജസ്ഥാൻ 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് കണ്ടെത്തി വിജയം പിടിക്കുകയായിരുന്നു. 31 പന്തില്‍ 47 റണ്‍സുമായി മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന റിയാന്‍ പരാഗ് 19ാം ഓവറിലെ അഞ്ചാം പന്തില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായപ്പോള്‍ രാജസ്ഥാന്‍ പരാജയം മണത്തതാണ്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്ത് ഫോറിലേക്കും രണ്ടാം പന്ത് സിക്‌സിലേക്കും പറത്തി ജോഫ്രെ ആര്‍ച്ചര്‍ രാജസ്ഥാന് വിജയമൊരുക്കുകയായിരുന്നു.  

ഒന്നാം വിക്കറ്റില്‍ രഹാനേയും സഞ്ജുവും ചേര്‍ന്ന് 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് അവർ തകരുകയായിരുന്നു. 21 പന്തില്‍ 34 റണ്‍സ് അടിച്ച രഹാനെയെ പുറത്താക്കി നരെയ്ന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. സഞ്ജു 15 പന്തില്‍ 22 റണ്‍സ് അടിച്ച് പുറത്തായി. ക്യാപ്റ്റന്‍ സ്മിത്തിന്റെ സമ്പാദ്യം വെറും രണ്ട് റണ്‍സായിരുന്നു. സ്റ്റോക്ക്‌സും ബിന്നിയും 11 റണ്‍സിന് പുറത്തായി. ശ്രേയസ് ഗോപാലിന്റെ സമ്പാദ്യം 18 റണ്‍സായിരുന്നു. എന്നാല്‍ 12 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും അടിച്ച ആര്‍ച്ചര്‍ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. പരാഗ് തുടങ്ങിയ പോരാട്ടം ആര്‍ച്ചര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പരാ​ഗ് അഞ്ച് ഫോറും രണ്ട് സിക്സും സഹിതമാണ് മികച്ച ബാറ്റിങ് നടത്തിയത്. 

കൊല്‍ക്കത്തയ്ക്കായി പിയൂഷ് ചൗള മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയായിരുന്നു ചൗളയുടെ നേട്ടം. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മുന്നിൽ നിന്നു പടനയിച്ച ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ മികച്ച ബാറ്റിങ് മികവിലാണ് കൊൽക്കത്ത ഭേ​ദപ്പെട്ട സ്കോർ നേടിയത്. 50 പന്തുകൾ നേരിട്ട ദിനേഷ് കാർത്തിക് ഏഴ് ബൗണ്ടറിയും ഒൻപത് സിക്സും സഹിതം 97 റൺസുമായി പുറത്താകാതെ നിന്നു. ജയ്ദേവ് ഉനദ്കട് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ബൗണ്ടറി നേടിയാൽ സെഞ്ച്വറി തികയ്ക്കാൻ കാർത്തിക്കിന് അവസരമുണ്ടായിരുന്നെങ്കിലും ഒരു റൺ നേടാനെ കഴിഞ്ഞുള്ളൂ. ഐപിഎല്ലിൽ കാർത്തിക്കിന്റെ ഉയർന്ന സ്കോറാണിത്.

ഓപണർ ക്രിസ് ലിന്നിനെ ആദ്യ ഓവറിൽത്തന്നെ നഷ്ടമായ കൊൽക്കത്തയ്ക്ക് ദിനേഷ് കാർത്തിക്കിന്റെ തകർപ്പൻ പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അവസാന അഞ്ച് ഓവറിൽ മാത്രം 75 റൺസാണ് കൊൽക്കത്ത അടിച്ചെടുത്തത്. രണ്ട് വിക്കറ്റും നഷ്ടമായി. 15, 12, 14, 16, 18 എന്നിങ്ങനെയാണ് അവസാന അഞ്ച് ഓവറിൽ കൊൽക്കത്ത നേടിയ റൺസ്. ഐപിഎൽ ആദ്യ പതിപ്പിലെ ആദ്യ മൽസരത്തിൽ പുറത്താകാതെ 158 റൺസ് നേടിയ ബ്രണ്ടൻ മക്കല്ലം കഴിഞ്ഞാൽ ഒരു കൊൽക്കത്ത താരത്തിന്റെ ഉയർന്ന സ്കോർ കൂടിയാണ് കാർത്തിക് നേടിയ 97 റൺസ്.

ശുഭ്മാൻ ഗിൽ (14 പന്തിൽ 14), നിതീഷ് റാണ (26 പന്തിൽ 21), സുനിൽ നരെയ്ൻ (എട്ടു പന്തിൽ 11), ആന്ദ്രെ റസ്സൽ 14 പന്തിൽ 14), കാർലോസ് ബ്രാത്‌വയ്റ്റ് (മൂന്നു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. റിങ്കു സിങ് മൂന്നു പന്തിൽ മൂന്നു റൺസുമായി കാർത്തിക്കിനൊപ്പം പുറത്താകാതെ നിന്നു.

രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വരുൺ ആരോണിന്റെ പ്രകടനം ശ്രദ്ധേയമായി. ജോഫ്ര ആർച്ചറിനു വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 28 റൺസ് മാത്രമേ വഴങ്ങിയുള്ളൂ. അതേസമയം, ജയ്ദേവ് ഉനദ്കട് നാല് ഓവറിൽ 50 റൺസ് വഴങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com