കുറ്റസമ്മതം കുടുംബത്തെ ഉപദ്രവിക്കുമെന്ന പൊലീസ് ഭീഷണിയെ തുടര്‍ന്ന്; സുപ്രീംകോടതിയില്‍ ശ്രീശാന്തിന്റെ വാദങ്ങള്‍ ഇങ്ങനെ

ആജീവനാന്ത വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോഴായിരുന്നു ശ്രീശാന്തിന്റെ വെളിപ്പടുത്തല്‍
കുറ്റസമ്മതം കുടുംബത്തെ ഉപദ്രവിക്കുമെന്ന പൊലീസ് ഭീഷണിയെ തുടര്‍ന്ന്; സുപ്രീംകോടതിയില്‍ ശ്രീശാന്തിന്റെ വാദങ്ങള്‍ ഇങ്ങനെ

കുടുംബത്തെ കേസില്‍ കുടുക്കി ഉപദ്രവിക്കുമെന്ന പൊലീസ് ഭീഷണിയെ തുടര്‍ന്നാണ് 2013ല്‍ വാദുവെപ്പ് കേസില്‍ പിടിയിലായ താന്‍ കുറ്റസമ്മതം നടത്തിയതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോഴായിരുന്നു ശ്രീശാന്തിന്റെ വെളിപ്പടുത്തല്‍. 

കുറ്റസമ്മതം നടത്തിയില്ലാ എങ്കില്‍ കുടുംബത്തെ കേസിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കും എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലിന്റെ സമയത്ത് വാദുവെപ്പുകാര്‍ തന്നെ സമീപിച്ചുവെന്ന് എന്നത് എന്തുകൊണ്ട് ബിസിസിഐയുടെ ശ്രദ്ധയിലേക്ക് ബിസിസിഐ കൊണ്ടുവന്നില്ലാ എന്നായിരുന്നു കോടതി ശ്രീശാന്തിന്റെ അഭിഭാഷകനോട് ആരാഞ്ഞത്. 

ആ സമയം ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായെന്നും കോടതി വിലയിരുത്തി. എന്നാല്‍, വാദുവെപ്പുകാര്‍ തന്നെ സമീപിച്ചു എന്നത് ബിസിസിഐയെ അറിയിക്കുന്നതില്‍ ശ്രീശാന്തിന് വീഴ്ച പറ്റി എങ്കിലും ശ്രീശാന്ത് വാദുവെപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഖുര്‍ഷിദ് കോടതിയില്‍ വാദിച്ചു. ബിസിസിഐയെ അറിയിച്ചില്ലാ എന്ന കുറ്റത്തിനാണെങ്കില്‍ പോലും പരമാവധി അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുവാനെ സാധിക്കുകയുള്ളുവെന്നും ഖുര്‍ഷിദ് കോടതിയില്‍ പറഞ്ഞു. 

സൗത്ത് ആഫ്രിക്കന്‍ താരം ഹാന്‍സി  ക്രോണിക്കൊഴികെ, ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട മറ്റൊരു താരത്തിനും ഇതുപോലെ വിലക്ക് നേരിടേണ്ടി വന്നിട്ടില്ല. 2000ല്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. എന്നാലത് പിന്നീട് പിന്‍വലിച്ചു. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുന്നതിന് തന്നെ അനുവദിക്കണം എന്നും ശ്രീശാന്ത് കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും രാജ്യത്തിന് പുറത്ത് നിന്നും കളിക്കാന്‍ ഓഫര്‍ വരുന്നുവെന്നും ശ്രീശാന്ത് കോടതിയെ അറിയിച്ചു. 

വിചാരണ കോടതി ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കിയതും ഖുര്‍ഷിദ് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 20ലേക്ക് മാറ്റിവെച്ചു. വാദുവെപ്പുകാരുമായി ശ്രീശാന്ത് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ട്രാന്‍സ്ലേറ്റ് ചെയ്തതിലെ പിഴവിലൂന്നിയായിരുന്നു ബിസിസിഐ കോടതിയില്‍ നിലപാടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com