കോഹ് ലിയെ മാറ്റണം, രോഹിത്തിനെ ഇന്ത്യയുടെ ട്വന്റി20 ടീം നായകനാക്കണം; കാര്യമെന്തെന്നോ? എണ്ണിയെണ്ണി പറയാന്‍ ഏറെയുണ്ട്

നാല് ഐപിഎല്‍ കിരീടം നേടി രോഹിത് എന്തൊക്കെയോ തെളിയിക്കാന്‍ ശ്രമിക്കുകയല്ലേ?
കോഹ് ലിയെ മാറ്റണം, രോഹിത്തിനെ ഇന്ത്യയുടെ ട്വന്റി20 ടീം നായകനാക്കണം; കാര്യമെന്തെന്നോ? എണ്ണിയെണ്ണി പറയാന്‍ ഏറെയുണ്ട്

നാല് ഐപിഎല്‍ കിരീടം നേടി രോഹിത് എന്തൊക്കെയോ തെളിയിക്കാന്‍ ശ്രമിക്കുകയല്ലേ? മുംബൈയെ വീണ്ടും രോഹിത് ഐപിഎല്‍ ചാമ്പ്യനാക്കിയതിന് പിന്നാലെ ഈ ചോദ്യം ആരാധകര്‍ ഉന്നയിച്ചാല്‍ അതിനെ കുറ്റം പറയാനാവില്ല. ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായക സ്ഥാനം രോഹിത്തിന് നല്‍കേണ്ട സമയമിതല്ലേ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ഉയരുന്നത്. 

ഐപിഎല്ലിലെ കളിക്കാരുടെ പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനത്തിന്റെ അളവുകോലല്ല എന്നായിരിക്കാം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടേയും, ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റേയും നിലപാട്. ലോകകപ്പ് ടീം സെലക്ഷന്‍ സംബന്ധിച്ച് അത് അവര്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍, ആര്‍ ആശ്വിന്‍, ചഹല്‍, അക്‌സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ബൂമ്ര എന്നിവരുടെ നോക്കണം...ഐപിഎല്ലിലെ മികച്ച കളിയാണ് ഇന്ത്യന്‍ ടീമിലേക്ക് ഇവര്‍ക്ക് മുന്നില്‍ വഴി തുറന്നിട്ടത് എന്ന് കാണാം. 

ചുരുക്കി പറഞ്ഞാല്‍, രാജ്യത്തെ ക്രിക്കറ്റുമായി ഐപിഎല്ലിന് വലിയ അടുപ്പമുണ്ട്. ഈ സാഹചര്യത്തില്‍, ഐപിഎല്ലില്‍ നാല് കിരീടങ്ങള്‍ എന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിച്ച രോഹിത്തിനെ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായകനാക്കണ്ടേ? 2013ല്‍ മുംബൈയുടെ നായകനായ രോഹിത് ആ വര്‍ഷം തന്നെ കിരീടം നേടി. അതിന് ശേഷം രോഹിത് തിരിഞ്ഞ് നോക്കിയിട്ടുമില്ല. 

ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളായാണ് ധോനിയെ കാണുന്നത്. 10 സീസണുകളില്‍ ചെന്നൈയെ നയിച്ച ധോനി അവരെ മൂന്ന് വട്ടം കിരീടത്തിലേക്ക് എത്തിച്ചു. എന്നാല്‍ രോഹിത് തന്റെ ടീമിനെ നാല് വട്ടം കിരീടത്തിലേക്ക് എത്തിച്ചത് ഏഴ് സീസണുകള്‍ മാത്രമെടുത്താണ്. നായകത്വത്തില്‍ ധോനിയുടേതിന് സമാനമാണ് പല മേഖലകളിലും രോഹിത്തിന്റേതും. കളിയെ കുറിച്ചുള്ള വ്യക്തമായ ചിത്രം മനസിലുണ്ടാവും. കളിക്കാരെ തിരിച്ചടികളിലും പിന്തുണയ്ക്കും, മൈതാനത്ത് ശാന്തനായി നില്‍ക്കാനുമാവുന്നു രോഹിത്തിന്. 

ചെന്നൈയ്‌ക്കെതിരായ ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ മലിംഗയുടെ കൈകളിലേക്ക് പന്തേല്‍പ്പിച്ചത് തന്നെ ഓര്‍ക്കുക. ആദ്യ മൂന്ന് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് മലിംഗ നില്‍ക്കുന്ന സമയം. എന്നിട്ടും ആ സാഹചര്യത്തില്‍ മലിംഗയെ വിശ്വസിച്ച് രോഹിത് പന്തേല്‍പ്പിച്ചു. മലിംഗ നിരാശപ്പെടുത്തിയുമില്ല. അവസാന ഓവര്‍ ഹര്‍ദിക്കിന് നല്‍കിയാലോ എന്നാണ് ഞാന്‍ ആലോചിച്ചത്. എന്നാല്‍, ഇതിന് മുന്‍പ് സമാനമായ സാഹചര്യത്തില്‍ നമുക്കൊപ്പം നിന്ന താരത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്നെനിക്ക് തോന്നി. മലിംഗ നിരവധി തവണ ആ സാഹചര്യത്തില്‍ നിന്നിട്ടുണ്ട്, ഫൈനലിന് ശേഷം രോഹിത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

ടെസ്റ്റില്‍ കോഹ് ലിയുടെ നായകത്വത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാവില്ല. പക്ഷേ ട്വന്റി20യിലേക്ക് വരുമ്പോള്‍ അങ്ങനെയല്ല. അവിടെ ഓരോ ഓവര്‍ പോലുമല്ല, ഓരോ ഡെലിവറിയും വിഷയമാകും. അവിടെ നായകന്റെ സൂക്ഷമ ബുദ്ധി പ്രവര്‍ത്തിച്ചു തന്നെയാവണം. 50 ഓവര്‍ മത്സരത്തില്‍ നായകന് കളി പിടിക്കാന്‍ സമയം ലഭിക്കുന്നുണ്ട്. ട്വന്റി20 അത് തരില്ല. ഒരു വട്ടം പോലും ഐപിഎല്‍ കിരീടം നേടാത്ത നായകനാണ് ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിക്കുന്നത്. 

കോഹ് ലിയും രോഹിത്തും ഐപിഎല്‍ ടീമിന്റെ നായകത്വം ഏറ്റെടുക്കുന്നത് 2013ലാണ്. ഏഴ് സീസണുകള്‍ പിന്നിടുമ്പോഴും കോഹ് ലി പരാജയപ്പെട്ട് നില്‍ക്കുന്നു. ഐപിഎല്‍ വിട്ട് രാജ്യാന്തര ട്വന്റി20യും നോക്കാം. അവിടേയും രോഹിത്തിനാണ് മുന്‍തൂക്കം. കോഹ് ലി 22 ട്വന്റി20യില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ അതില്‍ ജയിച്ചത് 12 കളികളില്‍. വിജയ ശതമാനം 57.14. രോഹിതാവട്ടെ 15 കളികളില്‍ 12ലും ടീമിനെ ജയിപ്പിച്ചു. വിജയ ശതമാനം 80.00
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com