ഒരു ഓവര്‍, വീഴ്ത്തിയത് 3 വിക്കറ്റ്, 18 റണ്‍സിനിടെ 5 വിക്കറ്റ്; നിറഞ്ഞാടി ഷമിയും ജഡേജയും

ആദ്യ സെഷന്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഏഴ് വിക്കറ്റാണ് പേസര്‍മാരും സ്പിന്നര്‍മാരും ചേര്‍ന്ന് വീഴ്ത്തിയത്
ഒരു ഓവര്‍, വീഴ്ത്തിയത് 3 വിക്കറ്റ്, 18 റണ്‍സിനിടെ 5 വിക്കറ്റ്; നിറഞ്ഞാടി ഷമിയും ജഡേജയും

വിശാഖപട്ടണം ടെസ്റ്റിന്റെ അവസാന ദിനം അവസാന സെഷന്‍ വരെയൊന്നും നീട്ടാനുള്ള ക്ഷമ കാണിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍. ആദ്യ സെഷന്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഏഴ് വിക്കറ്റാണ് പേസര്‍മാരും സ്പിന്നര്‍മാരും ചേര്‍ന്ന് വീഴ്ത്തിയത്. 16 ഓവറിനിടയില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റ്.

വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് അശ്വിനായിരുന്നു. ബ്രുയ്‌നിനെ മടക്കി അശ്വിന്‍ തുടങ്ങിയത് ഷമിയും, ജഡേജയും ഏറ്റെടുത്തു. 11ാം ഓവറിലെ മൂന്നാം പന്തില്‍ ബവുമയെ ബൗള്‍ഡ് ചെയ്ത ഷമി, തകര്‍പ്പന്‍ ഡെലിവറിയിലൂടെ ഡുപ്ലസിസിനെ മടക്കി. ഷമിയുടെ ഔട്ട്‌സൈഡ് ഓഫായി കുത്തിത്തിരിഞ്ഞെത്തിയ പന്തിലെ ലെങ്ത് കണക്കു കൂട്ടുന്നതില്‍ ഡുപ്ലസിസിന് പിഴച്ചപ്പോഴാണ് ഷമി രണ്ടാം ഇന്നിങ്‌സിലെ രണ്ടാം വിക്കറ്റ് നേടിയത്. പന്ത് ലീവ് ചെയ്യാനായിരുന്നു ഡുപ്ലസിസിന്റെ ശ്രമം. എന്നാല്‍ ഓഫ് സ്റ്റംപ് പന്ത് ഇളക്കിയതോടെ സൗത്ത് ആഫ്രിക്കന്‍ നായകന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

അവിടം കൊണ്ടും തീര്‍ന്നില്ല. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡി കോക്ക് ആയിരുന്നു ഷമിയുടെ അടുത്ത ഇര. പിച്ച് ചെയ്ത ശേഷം നേരെ എത്തിയ പന്തില്‍ ഡികോക്കിന്റെ കണക്കു കൂട്ടലും തെറ്റി. പ്രതിരോധിക്കാനായിരുന്നു ഡികോക്കിന്റെ ശ്രമം. എന്നാല്‍, പന്ത് ഓഫ് സ്റ്റംപ് ഇളക്കി ഡികോക്കിനെ പൂജ്യത്തിന് പവലിയനിലേക്ക് മടക്കി.

ഷമിയുടെ പ്രഹരത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കയെ കാത്തിരുന്നത് ജഡേജയുടെ ട്രിപ്പിള്‍ ട്രീറ്റായിരുന്നു. 26ാം ഓവറിലെ ആദ്യ പന്തില്‍ മര്‍ക്രാം കോട്ട് ആന്‍ഡ് ബൗള്‍ഡ് ആയി. അതേ ഓവറിലെ നാലാം പന്തില്‍ ഫിലാന്‍ഡറിനെ ജഡേജ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. അമ്പയര്‍ അനങ്ങാതായതോടെ റിവ്യു എടുക്കാന്‍ ജഡേജയ്ക്ക് ഫുള്‍ കോണ്‍ഫിഡന്‍സ്. ലൈനില്‍ പിച്ച് ചെയ്ത് സ്റ്റംപ് ഇളക്കുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായി.

26ാം ഓവറിലെ അഞ്ചാം പന്തില്‍ കേശവ് മഹാരാജിനേയും മടക്കി ജഡേജ ആഘോഷമാക്കി. അവിടേയും റിവ്യു വേണ്ടി വന്നു ജഡേജയ്ക്ക് വിക്കറ്റ് ഉറപ്പിക്കാന്‍. ഫിലാന്‍ഡറെ മടക്കിയതിന് സമാനമായ ഡെലിവറിയായിരുന്നു അതും. അമ്പയര്‍ ഔട്ട് വിധിച്ചെങ്കിലും മഹാരാജ് റിവ്യു എടുത്തു. ബാറ്റില്‍ പന്ത് എഡ്ജ് ചെയ്തില്ലെന്ന് റിപ്ലേകളില്‍ വ്യക്തമായി. ഓഫ് സ്റ്റംപ് പന്ത് തൊടുന്നുവെന്ന് വ്യക്തമായതോടെ അതും ഔട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com