ചിന്നസ്വാമിയിൽ റസ്സൽ കൊടുങ്കാറ്റ്; വിസ്മയ ജയവുമായി കൊൽക്കത്ത; ബാം​ഗ്ലൂരിന് തുടർച്ചയായ അഞ്ചാം തോൽവി

ഐപിഎല്ലിൽ ആദ്യ വിജയം തേടി സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാം​ഗ്ലൂരിനെ ആന്ദ്രെ റസ്സൽ എന്ന ജമൈക്കൻ താരം അടിച്ചു പറത്തി
ചിന്നസ്വാമിയിൽ റസ്സൽ കൊടുങ്കാറ്റ്; വിസ്മയ ജയവുമായി കൊൽക്കത്ത; ബാം​ഗ്ലൂരിന് തുടർച്ചയായ അഞ്ചാം തോൽവി

ബം​ഗളൂരു: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ 200ലേറെ റൺസ് അടിച്ചെടുത്തിട്ടും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ വിജയിച്ചില്ല. ഐപിഎല്ലിൽ ആദ്യ വിജയം തേടി സ്വന്തം തട്ടകത്തിൽ ഇറങ്ങിയ ബാം​ഗ്ലൂരിനെ ആന്ദ്രെ റസ്സൽ എന്ന ജമൈക്കൻ താരം അടിച്ചു പറത്തി. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തപ്പോൾ അഞ്ച് പന്തുകൾ ബാക്കി നിൽക്കെ കൊൽക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് അടിച്ചെടുത്ത് വിജയം പിടിച്ചു. അഞ്ച് വിക്കറ്റിനായിരുന്നു നൈറ്റ്റൈഡേഴ്സ് വിജയ തീരമണഞ്ഞത്. 

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകർ അവിശ്വസനീയതയോടെയാണ് അത് കണ്ട് നിന്നത്. റസ്സലിന്റെ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ അവിരാമം ഒഴുകിയതോടെ വിജയത്തിലേക്കെത്തുമെന്ന പ്രതീക്ഷിച്ച കളിയുടെ കഥയാകെ മാറി. അവസാന ഓവറുകളില്‍ കൊടുങ്കാറ്റായി അടിച്ച റസ്സല്‍ 13 പന്തില്‍ നിന്ന് 48 റണ്‍സാണ് നേടിയത്. 

സ്‌റ്റോയിനിസ് എറിഞ്ഞ പതിനെട്ടാം ഓവറിൽ റസ്സല്‍ രണ്ട് സിക്‌സ് പറത്തി. സൗത്തി എറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ 29 റണ്‍സാണ് റസ്സല്‍ വാരിയത്. മൊത്തം ഏഴ് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പടെ 13 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത് റസ്സൽ പുറത്താകാതെ നിന്നു. ക്രിസ് ലിന്‍ 43 ഉം ഉത്തപ്പ 33 ഉം റാണ 37 ഉം റണ്‍സെടുത്തു. ബാംഗ്ലൂരിനു വേണ്ടി സെയ്‌നിയും നേഗിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി
49 പന്തില്‍ നിന്ന് 84 ഉം ഡിവില്ല്യേഴ്‌സ് 32 പന്തില്‍ നിന്ന് 63 ഉം റണ്‍സാണ് നേടി. രണ്ടാം വിക്കറ്റില്‍ 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പാര്‍ഥിവ് പട്ടേല്‍ 25 ഉം സ്‌റ്റോയിനിസ് പുറത്താകാതെ 28 ഉം റണ്‍സ് കണ്ടെത്തി. 

നാല് കളികളില്‍ നിന്ന് ആറ് പോയിന്റുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ആറു പോയിന്റ് തന്നെയുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്. കളിച്ച അഞ്ച് കളികളും തോറ്റ ബാംഗ്ലൂര്‍ ഏറ്റവും അവസാന സ്ഥാനത്ത് തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com