ബൗളിങിലെ നിഗൂഢതകള്‍ ബാക്കി; ശ്രീലങ്കന്‍ വിസ്മയ സ്പിന്നര്‍ വിരമിച്ചു

നിഗൂഢ സ്പിന്നര്‍ എന്നറിയപ്പെട്ട ശ്രീലങ്കയുടെ  അജാന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ബൗളിങിലെ നിഗൂഢതകള്‍ ബാക്കി; ശ്രീലങ്കന്‍ വിസ്മയ സ്പിന്നര്‍ വിരമിച്ചു

കൊളംബോ: നിഗൂഢ സ്പിന്നര്‍ എന്നറിയപ്പെട്ട ശ്രീലങ്കയുടെ  അജാന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി. 2015ലാണ് മെന്‍ഡിസ് അവസാനമായി ലങ്കയ്ക്കായി കളിച്ചത്. പരിക്കും മോശം ഫോമും കാരണം ടീമില്‍ അവസരം നിഷേധിക്കപ്പെട്ടതോടെയാണ് താരം 34ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ടി20യില്‍ രണ്ട് തവണ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ഏക ബൗളറാണ് മെന്‍ഡിസ്. ഓസ്‌ട്രേലിയക്കെതിരെ 16 റണ്‍സ് വഴങ്ങിയും സിംബാബ് വെക്കെതിരെ വെറും എട്ട് റണ്‍സ് വഴങ്ങിയും ആറ് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് റെക്കോര്‍ഡിട്ടത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികച്ച താരമെന്ന റെക്കോര്‍ഡും മെന്‍ഡിസിന്റെ പേരിലാണ്. 

2008ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത ബൗളിങ് പ്രകടനത്തിലൂടെയാണ് മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചത്. അന്ന് വെറും 13 റണ്‍സ് വഴങ്ങി പ്രതിഭകള്‍ നിറഞ്ഞ ഇന്ത്യന്‍ ബാറ്റിങിലെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞ് ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഏകദിനത്തില്‍ അരങ്ങേറി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഈ മാസ്മരിക പ്രകടനം. 

പിന്നാലെ നടന്ന ടെസ്റ്റ് പരമ്പരയിലും മെന്‍ഡിസ് ഇന്ത്യന്‍ താരങ്ങളെ വെള്ളം കുടിപ്പിച്ചു. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മെന്‍ഡിസ് 26 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യ 2-1 ന് പരമ്പര തോറ്റു. 

അരങ്ങേറിയ വര്‍ഷത്തില്‍ ഏകദിന പോരാട്ടങ്ങളില്‍ മിന്നും പ്രകടനമായിരുന്നു മെന്‍ഡിസിന്റേത്. 18 മത്സരങ്ങളില്‍ താരം 48 വിക്കറ്റുകളാണ് കറക്കി വീഴ്ത്തിയത്. ടെസ്റ്റ് മത്സരങ്ങളിലും മികവ് ആവര്‍ത്തിച്ചു. 

ലങ്കയ്ക്കായി 19 ടെസ്റ്റുകളില്‍ നിന്ന് 70 വിക്കറ്റുകളും 87 ഏകദിനങ്ങളില്‍ നിന്ന് 152 വിക്കറ്റുകളും 39 ടി20 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റുകളും മെന്‍ഡിസ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com