'അജയ്യമായ ഇച്ഛയാണ് കരുത്ത്'; ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ഭാര്യയുടെ പ്രശംസ 

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പിലൂടെ ആശംസയും പിന്തുണയും നല്‍കിയിരിക്കുകയാണ് ഭാര്യ കാന്‍ഡിസ് വാര്‍ണര്‍
'അജയ്യമായ ഇച്ഛയാണ് കരുത്ത്'; ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ഭാര്യയുടെ പ്രശംസ 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ ടെസ്റ്റ് പോരാട്ടത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രമെഴുതിയിരുന്നു. പുറത്താകാതെ 335 റണ്‍സെടുത്ത താരം, ഒരുവേള ബ്രയാന്‍ ലാറയുടെ 400 റണ്‍സെന്ന സ്‌കോര്‍ മറികടക്കുമെന്ന പ്രതീതി പോലുമുണ്ടാക്കി. ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതിനാല്‍ ആ നേട്ടത്തിലെത്താനുള്ള അവസരം വാര്‍ണര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. 

പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും സജീവമായ താരം പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ അപര ഫോമിലാണ് കളിച്ചത്. എന്നാല്‍ ടെസ്റ്റില്‍ അത്ര മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ വാര്‍ണറിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ അതിന്റെ നിരാശയും താരം മായ്ച്ചു കളഞ്ഞു. അതും കിടയറ്റ ട്രിപ്പിള്‍ നേടിക്കൊണ്ട്. 

ഇപ്പോഴിതാ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പിലൂടെ ആശംസയും പിന്തുണയും നല്‍കിയിരിക്കുകയാണ് ഭാര്യ കാന്‍ഡിസ് വാര്‍ണര്‍. മഹാത്മാ ഗാന്ധിയുടെ മഹത്തായ ഒരു വാചകം കടമെടുത്താണ് കാന്‍ഡിസിന്റെ ആശംസകള്‍. 

തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കാന്‍ഡിസ് ഇങ്ങനെ കുറിച്ചു- ''ശാരീരികമായ ശേഷിയില്‍ നിന്നല്ല, അജയ്യമായ ഇച്ഛയില്‍ നിന്നാണ് കരുത്ത് വരുന്നത് (മഹാത്മാ ഗാന്ധി). 
മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് വിശ്വസിക്കുന്നു എന്നത് പ്രധാനമല്ല. നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെയുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്''.

വാര്‍ണര്‍ നേടിയ 335 നോട്ടൗട്ട് എന്ന സ്‌കോര്‍ ടാഗ് ചെയ്താണ് കാന്‍ഡിസിന്റെ ട്വീറ്റ്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററില്‍ വാര്‍ണറോട് ഒരു ആരാധകന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ ആവശ്യപ്പെട്ടിരുന്നു. ആ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ് വാര്‍ണര്‍ക്ക് അഡ്‌ലെയ്ഡിലെ ഐതിഹാസിക ഇന്നിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com